വടക്കഞ്ചേരിയിലെ കവർച്ച; രണ്ട് സ്ത്രീകളടക്കം ആറ് പേർ കസ്റ്റഡിയിൽ

തൃശ്ശൂർ: വടക്കഞ്ചേരിയിൽ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവർച്ച നടത്തിയ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സെപ്റ്റംബർ 22 ന് രാത്രി ആയിരുന്നു നാടിനെ ഞെട്ടിച്ച മോഷണം. കവർച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വജ്രാഭരണങ്ങൾ അടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയും ആണ് പ്രതികൾ കവർന്നത്.

ചുവട്ടുപാടം സ്വദേശി സാം പി ജോണിന്‍റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്‍റെ വീടിനകത്ത് കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.

25 പവൻ സ്വര്‍ണവും ഒരു വജ്രാഭരണവും പണവും മോഷ്ടിക്കപ്പെട്ടിരുനനു. ആക്രമണത്തില്‍ സാം പി ജോണിന്‍റെ മൂന്ന് പല്ലുകള്‍ അടര്‍ന്നുവീണു. കവര്‍ച്ചാസംഘം മടങ്ങിയ ശേഷം അയല്‍വാസികളെ സാം തന്നെ വിളിച്ച് വരുത്തുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കെഎല്‍ 11 രജിസ്‌ട്രേഷനിലുളള ഒരു കാറും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും പ്രദേശത്ത് സമാനമയ കവർച്ച നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുമായിരുന്നു അന്വേഷണം. വടക്കഞ്ചേരിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സാമും ഭാര്യ ജോളിയും ചികിത്സ തേടിയിരുന്നു.

Top