ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പട്ടാപ്പകല്‍ കവര്‍ച്ച

കൊച്ചി : ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ റെയ്ഡിനെത്തി 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.സഞ്ജയുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വീട്ടില്‍ പരിശോധന നടത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.മാന്യമായി വസ്ത്രം ധരിച്ച നാലുപേര്‍ സഞ്ജയുടെ വീട്ടിലെത്തി റെയ്ഡിന് വന്നതാണെന്ന് അറിയിച്ചു.തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം മൊബൈല്‍ ഫോണില്‍ ചില രേഖകള്‍ കാണിച്ച് പരിശോധന തുടങ്ങുകയായിരുന്നു. മാത്രമല്ല വീട്ടുകാരുടെ ഫോണ്‍ വാങ്ങിവച്ച് റെയ്ഡിന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

വീടിനുള്ളില്‍ ഏകദേശം രണ്ടുമണിക്കൂറോളം പരിശോധന നടത്തി പണവും സ്വര്‍ണവും തിരിച്ചറിയല്‍ രേഖകളും കൈക്കലാക്കി.ആദായനികുതി ഓഫീസിലെത്തി കണക്ക് ബോധിപ്പിച്ചാല്‍ പിടിച്ചെടുത്തവയെല്ലാം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് വീട്ടിലെ CCTV ക്യാമറയുടെ ഡി.വി.ആര്‍ ചോദിച്ചുവാങ്ങിയതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് ആലുവ പൊലീസിനെ വിവരമറിയിക്കുന്നത്.എന്നാല്‍ കവര്‍ച്ചക്കാര്‍ ഡി.വി.ആര്‍ കൈക്കലാക്കിയെങ്കിലും മൊബൈലില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുത്ത.സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top