എസ്ബിഐ സിഡിഎമ്മുകളില്‍ നിന്ന് കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: എസ്ബിഐ സിഡിഎമ്മുകളില്‍ നിന്ന് വന്‍തുക കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഹരിയാനയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ സംഘം എത്തിയത് ഫരീദാബാദില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു. അമീര്‍ ആര്‍ഷ്, മുഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു. അഞ്ച് സംഘങ്ങളായാണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്. മറ്റുള്ളവര്‍ക്കായി ഫരീദാബാദില്‍ അന്വേഷണ സംഘം തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപയാണ് കവര്‍ന്നത്. മെഷീനിലെ സെന്‍സറില്‍ കൃത്രിമം കാണിച്ചാണ് കവര്‍ച്ച നടത്തിയത്. ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് 21 സിഡിഎം കൗണ്ടറുകളില്‍ നിന്ന് പണം കവര്‍ന്ന്. നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സൗകര്യമുള്ള സിഡിഎമ്മുകളുടെ പ്രവര്‍ത്തനം പ്രത്യേക തരത്തില്‍ തടസ്സപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മെഷീനില്‍ നിന്നു പണം വരുന്ന സ്ഥലത്തെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് പണം തട്ടിയത്.

പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ അമര്‍ത്തിയ ശേഷം, മെഷീനിലെ ഡിസ്‌പെന്‍സറിലേക്ക് പണം എത്തുന്നതിനിടെ സെന്‍സറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി, ഡിസ്‌പെന്‍സറില്‍ നിന്ന് പണം എടുത്ത ശേഷം സെന്‍സറിന്റെ തടസ്സം നീക്കും, ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്കിനെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇങ്ങനെ പണം പുറത്തേക്ക് വരുന്ന ഇരുപത് സെക്കന്റ് സമയം സെന്‍സറിനെ നിശ്ചലമാക്കി പല സമയങ്ങളിലായി ലക്ഷങ്ങള്‍ കവര്‍ന്നു.

ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്കിന്റെ പണമാണ് കവര്‍ന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top