പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറി കവര്‍ച്ച; മുഖ്യ ആസൂത്രകന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്തിന് സമീപം പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ പിടിയില്‍. വയനാട് കാവുമന്ദം സ്വദേശി അന്‍സാറാണ് പിടിയിലായത്. കേസില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മുക്കത്തിനടുത്ത് മാങ്ങാപ്പൊയിലിലെ പെട്രോള്‍ പമ്പില്‍ ഈ മാസം 17-ന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്. മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു മോഷണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അന്‍സാറാണ് ഇന്ന് വൈകീട്ട് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അന്‍സാര്‍ അവിടെ ഒരു വീട്ടില്‍ രോഗിയെ പരിചരിക്കാന്‍ കെയര്‍ ടേക്കറായി ജോലിക്ക് നില്‍ക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് താമരശ്ശേരി വെച്ച് പിടിയിലാവുന്നത്.

മുക്കത്തെ മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ കാറുമായി കോഴിക്കോട് ഭാഗത്തേക്ക് പോയി അന്ന് തന്നെ ബൈപാസ്സില്‍ മറ്റൊരു പമ്പില്‍ കവര്‍ച്ചക്കായി കയറിയെങ്കിലും അതേസമയം പമ്പിലേക്ക് വന്ന പൊലീസ് കണ്‍ട്രോള്‍ റൂം ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പിറ്റേദിവസം മലപ്പുറം കുന്നുമ്മല്‍ ഉള്ള ജ്വല്ലറിയിലും കളവ് നടത്താന്‍ പദ്ധതിയിട്ടെങ്കിലും മുക്കത്തെ പമ്പിലെ ക്യാമെറയില്‍ മുഖം കുടുങ്ങി എന്ന സംശയത്താല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മലപ്പുറം ജില്ലയില്‍ നിന്നും വാടകയ്‌ക്കെടുത്ത കാറാണ് പ്രതികള്‍ ഉപയോഗിച്ചത്. തമിഴ്‌നാട് റെജിസ്‌ട്രേഷനിലുള്ള കാറുകളുടെ നമ്പര്‍ പ്ലേറ്റ് അഴിച്ചെടുത്തു വാടക കാറിന് ഘടിപ്പിച്ചാണ് കളവിന് ഉപയോഗിച്ചത്.

Top