മോഷണ ശ്രമത്തിനിടെ മധ്യവയസ്‌കനെ റെയില്‍ പാളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

ചെന്നൈ: മോഷണ ശ്രമത്തിനിടെ മധ്യവയസ്‌കനെ റെയില്‍ പാളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാര്‍ അറസ്റ്റില്‍. മൊബൈല്‍ ഫോണും പണവും കവരുന്നതിനായി മധ്യവയസ്‌കനെ അപായപ്പെടുത്തുകയായിരുന്നു.

പഴവന്തങ്ങള്‍ സ്വദേശികളായ രണ്ടു പതിനേഴ് വയസ്സുകാരാണ് പിടിയിലായത്. കഴിഞ്ഞ മൂന്നിനാണ് തീവണ്ടി തട്ടി മരിച്ചനിലയില്‍ മധ്യവയസ്‌കനെ പാളത്തില്‍ കണ്ടെത്തിയത്. ശരീരം വികൃതമായ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ രണ്ടു ദിവസമെടുത്തു. ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരനായ മൗലിവാക്കം സ്വദേശി കുമാറായിരുന്നു മരിച്ചത്. ആത്മഹത്യയാണെന്നു കരുതി ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും മരണ കാരണം കണ്ടെത്താനായിരുന്നില്ല.

ഇതേത്തുടര്‍ന്ന് അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെ പഴവന്തങ്ങള്‍ റെയില്‍പ്പാളത്തിനടുത്ത് താമസിക്കുന്ന ഒരാള്‍ സാക്ഷി മൊഴി നല്‍കാന്‍ തയ്യാറായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പാളത്തിനരികെ ഒരാളെ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിച്ച് വസ്തുക്കള്‍ കൈക്കലാക്കുന്നത് ടെറസ്സില്‍ നിന്ന് കണ്ടുവെന്നായിരുന്നു മൊഴി. തുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

മോഷണത്തിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ആക്രമിച്ചെങ്കിലും തീവണ്ടി വരുമ്പോള്‍ കുമാര്‍ എഴുന്നേറ്റുമാറി രക്ഷപ്പെടുമെന്നാണ് പ്രതികള്‍ കരുതിയത്.
എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുമാര്‍ തീവണ്ടിക്കടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. മോഷണം പോയ കുമാറിന്റെ വാച്ചും ഫോണും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

Top