അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അയല്‍ക്കാരായ ദമ്പതിമാര്‍ മുറിയില്‍ പൂട്ടിയിട്ടു; 17-കാരന്‍ ജീവനൊടുക്കി

ഭോപ്പാല്‍: അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അയല്‍ക്കാരായ ദമ്പതിമാര്‍ മുറിയില്‍ പൂട്ടിയിട്ട 17-കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാല്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിനാണ് 17 വയസ്സുകാരനെ അയല്‍ക്കാരായ ദമ്പതിമാര്‍ മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി മുറി തുറന്നപ്പോഴാണ് 17-കാരനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 17-കാരന്റെ ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രവി, ഇയാളുടെ ഭാര്യ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ഭോപ്പാലിലെ ബന്ധുവിന്റെ വീട്ടിലെത്തിയ 17-കാരന്‍ അയല്‍ക്കാരനായ രവിയുടെ വീട്ടില്‍നിന്ന് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചത്. രവിയും ഭാര്യയും ഇത് കണ്ടതോടെ 17-കാരന്‍ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറുകയും മുറിയിലേക്ക് പോവുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ രവിയും ഭാര്യയും 17-കാരന്‍ കയറിയ മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെയും കുട്ടിയുടെ ബന്ധുവിനെയും വിവരമറിയിച്ചു. എന്നാല്‍ പൊലീസെത്തി മുറി തുറന്നപ്പോഴേക്കും 17-കാരന്‍ തൂങ്ങിമരിച്ചിരുന്നു.

സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ദമ്പതിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും പൊലീസ് പറഞ്ഞു. 17-കാരന്‍ മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദമ്പതിമാര്‍ക്കെതിരേ കേസെടുത്താല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്.

തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇവര്‍ മൃതദേഹം ഏറ്റുവാങ്ങിയത്
അതേസമയം, ഇത്തരം സാഹചര്യത്തില്‍ ഏതൊരാളും ചെയ്യുന്ന കാര്യങ്ങളാണ് രവിയും ഭാര്യയും ചെയ്തതെന്നും ഇതിന്റെ പേരില്‍ ദമ്പതിമാരെ ഉപദ്രവിക്കുകയാണെന്നും അവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചശേഷം ഓടിരക്ഷപ്പെട്ട് മുറിയില്‍ കയറിയപ്പോള്‍ ആ മുറി പുറത്തുനിന്ന് പൂട്ടിയിടുക മാത്രമാണ് അവര്‍ ചെയ്തത്. പ്രതിയെ പൊലീസിന് കൈമാറുക മാത്രമായിരുന്നു ഉദ്ദേശ്യം. ഇതിന്റെ പേരിലാണ് അവരെ ഉപദ്രവിക്കുന്നതെന്നും ദമ്പതിമാരുടെ ബന്ധുക്കളിലൊരാള്‍ പ്രതികരിച്ചു.

 

Top