പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയ്ക്ക് നേരെ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയുടെ കാര്‍ അക്രമിച്ച് കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

മാണ്ഡി ഹൗസിന് സമീപം വെച്ചാണ് കവര്‍ച്ചാ സഘം ശോഭയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം നടത്തിയത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി വാഹനം തടയുകയും കാറിന് നേരേ സ്ഫോടക വസ്തുക്കള്‍ എറിയുകയുമായിരുന്നു. ഇതിനിടെ ഡ്രൈവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയവര്‍ ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി ശോഭ അറിയിച്ചു. രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാകാത്ത ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Top