കരിപ്പൂര്‍ ആവര്‍ത്തിച്ച് കൊച്ചി വിമാനത്താവളവും, പ്രവാസിയുടെ വാച്ചടക്കം മോഷ്ടിച്ചു

കൊച്ചി: ഷാര്‍ജയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആളുടെ ലഗേജ് കുത്തിക്കീറി വിലയേറിയ വാച്ചും മറ്റും കവര്‍ന്നു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദാണ് മോഷണത്തിന് ഇരയായത്. ഇത് സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ക്കും നെടുമ്പാശേരി പൊലീസിനും നൗഷാദ് പരാതി നല്‍കി.

ചൊവ്വാഴ്ച്ച രാത്രി എയര്‍ അറേബ്യ വിമാനത്തിലാണ് നൗഷാദ് നെടുമ്പാശേരിയിലെത്തിയത്. എന്നാല്‍ ഏറെ വൈകിയാണ് തന്റെ ലഗേജ് ലഭിച്ചതെന്ന് നൗഷാദ് പറയുന്നു. കുത്തിപ്പൊളിച്ച നിലയിലാണ് അവസാനം ലഗേജ് ലഭിച്ചത്. വിമാനത്താവളത്തില്‍ വച്ച് പരിശോധിച്ചപ്പോള്‍ വിലപിടിപ്പുള്ള രണ്ട് വാച്ചുകളും വിലപിടിപ്പുള്ള മറ്റ് ചില വസ്തുക്കളും നഷ്ടപ്പെട്ടുവെന്ന് മനസിലായത്.

എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ചോക്ലേറ്റ് അടക്കമുള്ള മറ്റ് ചില വസ്തുക്കളും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയത്. പക്ഷേ ബാഗില്‍ നിന്നും സാധനങ്ങള്‍ നഷ്ടമായത് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നാണോ കൊച്ചിയില്‍ നിന്നാണോ എന്ന് വ്യക്തമല്ലെന്നും നൗഷാദ് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നൗഷാദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

നേരത്തെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു.

Top