വ്യാപാരികളെ ആക്രമിച്ച് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു; ഒരാളെ കൊലപ്പെടുത്തി

ബീഹാര്‍: ആയുധധാരികളായ മോഷ്ടാക്കള്‍ വ്യാപാരികളെ ആക്രമിച്ച് ഇരുപത്തഞ്ച് കോടി വില വരുന്ന സ്വര്‍ണ്ണം-വെളളി ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറായ ദീപക് കുമാറാണ് കൊല്ലപ്പെട്ടത്.

കൊല്‍ക്കത്തയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങള്‍ വാങ്ങി മടങ്ങി വരികയായിരുന്ന വ്യാപാരികളെയാണ് ആക്രമിച്ചത്. ഗര്‍ഹാര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താക്കൂര്‍ചക് പ്രദേശത്ത് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.

പ്രിന്‍സ് സോണി, അഭയകുമാര്‍ സിംഗ്, സന്തോഷ് കുമാര്‍ എന്നീ മൂന്ന് വ്യാപാരികളാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായത്. വിവാഹ സീസണോട് അനുബന്ധിച്ച് ചില്ലറ സ്വര്‍ണ്ണവ്യാപാരികള്‍ക്ക് വില്‍ക്കാന്‍ വേണ്ടി ഇരുപത്തഞ്ച് കോടിയുടെ ആഭരണം കൊല്‍ക്കത്തയില്‍ നിന്ന് വാങ്ങി മടങ്ങിയന്നതിനിടെയാണ് അക്രമണം നടന്നത്. ഇവര്‍ സ്വര്‍ണ്ണം വാങ്ങുന്നതിനെക്കുറിച്ച് മോഷ്ടാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം. വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇവര്‍ ബൈക്കുകളില്‍ പിന്തുടരുകയായിരുന്നു. ഗര്‍ഹാര പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.

Top