റോഡുകള്‍ തകര്‍ന്നു ; വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഇടുക്കി ഒറ്റപ്പെട്ടു

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി മലയോരമേഖല പൂര്‍ണമായി ഒറ്റപ്പെട്ടു. ഇടുക്കിയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായ നിലയിലാണ്. മൂന്നാറും ചെറുതോണിയും ഒറ്റപ്പെട്ട നിലയിലാണുള്ളത്. മലയോര മേഖലയിലെ റോഡുകളെല്ലാം തകര്‍ന്നതോടെ ഹൈറേഞ്ചില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെങ്കിലും കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടെന്നാണ് തീരുമാനം. ചെറുതോണി അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് വീണ്ടും അടുക്കുകയാണ്.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

തിരുവനന്തപുരത്ത് നിന്നുള്ള കോട്ടയം, കുമളി, തെങ്കാശി, പത്തനംതിട്ട ഭാഗത്തേക്കുള്ള സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി. താത്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്തെത്തും. പ്രളയമേഖല നാളെ സന്ദര്‍ശിക്കും.

Top