മലപ്പുറത്ത് കനത്ത മഴയില്‍ റോഡ് തകര്‍ന്ന് ഒലിച്ചുപോയി; വീഡിയോ കാണാം

road

നിലമ്പൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

മഴ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. ഇവിടെ കനത്ത മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്ന് ഒലിച്ചുപോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നോക്കി നില്‍ക്കെ റോഡ് ഒലിച്ചു പോകുന്ന കാഴ്ച ജനങ്ങളില്‍ ഭീതിയുളവാക്കിയിരിക്കുകയാണ്.

കൂടാതെ, പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരില്‍ വഴികടവ് വഴിയുള്ള ചരക്ക് ലോറി ഗതാഗതം തടയുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. റോഡുകള്‍ തകരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീക്കര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 22 പേര്‍ മരിച്ചതായായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, എന്നിവിടങ്ങളിലായാണ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ അതിതീവ്രമായ മഴയാണ് ദുരന്തത്തിന് കാരണമായത്.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

Top