വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോർ വാഹനവകുപ്പ് രജിസ്റ്റർ ചെയ്തത്. അതേസമയം വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും.

ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ കർശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടിയുണ്ടാകും. അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലെ പരിശോധന.

Top