പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ് ; സംസ്ഥാനത്തെ 259 ബസുകള്‍ക്കെതിരെ കേസ്, 3.74 ലക്ഷം രൂപ പിഴ

തിരുവനന്തപുരം : അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തി. തിരുവനന്തപുരത്ത് 20 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഏജന്റസ് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവരോട് ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വാഹനങ്ങള്‍ മിതമായ വേഗതയില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാരോട് ജീവനക്കാരുടെ മോശം പെരുമാറ്റം ആണെങ്കില്‍ അക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നജീബ് അറിയിച്ചു.

ദീര്‍ഘദൂര സ്വകാര്യ ബസ്സ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം, നിരന്തര പരിശോധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Top