ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിൽ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം

ഡൽഹി: ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനു കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയാതായി റിപ്പോര്‍ട്ട്. അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ കോഴ്‍സ് പൂർത്തിയാക്കുന്നവർക്കു മാത്രം ലൈസൻസ് നൽകുന്ന സംവിധാനമാണ് ഇനി വരാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരന്മാർക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1989-ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യുന്നതാണ് കരട് വിജ്ഞാപനം.

വിജ്ഞാപനമനുസരിച്ച് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള ലേണേഴ്‍സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകൾക്ക് പുറമേ ആർടി ഓഫീസിൽ അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‍സ് പൂർത്തിയാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ലേണേഴ്‌സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിർത്തും. സ്വകാര്യ മേഖലയിലാവും ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ തുടങ്ങാൻ അനുമതി നല്‍കുക. മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച അംഗീകൃത സർട്ടിഫിക്കറ്റുള്ള വ്യക്തികൾ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുൻഗണനയുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വർക് ഷോപ്പും നിർബന്ധമാണ്. ഈ മാനദണ്ഡങ്ങൾ മറികടന്നാൽ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്‍ററുകള്‍ക്ക് അനുമതി നല്‍കുക, പിന്നീട് പുതുക്കാം.വിജ്ഞാപനം സംബന്ധിച്ച പരാതികളും നിർദേശങ്ങളും നൽകാൻ ഒരുമാസം സമയം നൽകിയിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങൾ നിലനിർത്തിയാണ് പുതിയ സംവിധാനത്തിന് സർക്കാർ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഡ്രൈവിംഗ് സ്‍കൂളുകളെ ഈ മാറ്റം തല്‍ക്കാലം ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top