റോഡ് സേഫ്റ്റി സീരീസ്: ഇന്ത്യന്‍ ലെജന്‍ഡ്സ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

റായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ന് ഇന്ത്യന്‍ ലെജന്‍ഡ്സ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെ നേരിടും. അവസാന മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ഇംഗ്ലണ്ട് ലെജന്‍ഡ്സിനോട് പരാജയപ്പെട്ടിരുന്നു. അതിന്റെ ക്ഷീണം മാറ്റാനുറച്ചാവും ഇന്ത്യയുടെ ഇതിഹാസങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങള്‍ക്കെതിരേ ഇറങ്ങുന്നത്. ഇന്ത്യയെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുമ്പോള്‍ ജോണ്ടി റോഡ്സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. ഇന്ത്യ രണ്ടാം സ്ഥാനത്ത് നിലവില്‍ ഇന്ത്യ ലെജന്‍ഡ്സ് രണ്ടാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് ലെജന്റ്സിനോടാണ് ഇന്ത്യ തോറ്റത്.

ഒന്നാം സ്ഥാനത്ത് ശ്രീലങ്ക ലെജന്‍ഡ്സാണ്. അഞ്ച് മത്സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം 16 പോയിന്റാണ് ശ്രീലങ്ക ലെജന്റ്സിനുള്ളത്. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 8 പോയിന്റുമായി ദക്ഷിണാഫ്രിക്ക ലെജന്റ്സ് മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ലെജന്റ്സിനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. റണ്‍വേട്ടയില്‍ ഒന്നാമതെത്താന്‍ സെവാഗ് തനിക്ക് ഒരു മാറ്റവുമില്ലെന്ന് ആദ്യ മത്സരങ്ങളിലൂടെത്തന്നെ കാണിച്ചുതന്ന സെവാഗിന് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ തിളങ്ങാനായാല്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താം. നാല് മത്സരത്തില്‍ നിന്ന് 163 റണ്‍സാണ് സെവാഗ് നേടിയത്. 22 ബൗണ്ടറിയും 5 സിക്സും താരം പറത്തി.പഴയകാലത്തെ സെവാഗിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ഈ ടൂര്‍ണമെന്റിലും അദ്ദേഹം പുറത്തെടുക്കുന്നത്.

3 മത്സരത്തില്‍ നിന്ന് 24 ഫോറും 5 സിക്സും ഉള്‍പ്പെടെ 179 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 5 മത്സരത്തില്‍ നിന്ന് 171 റണ്‍സ് നേടിയ തിലകരത്ന ദില്‍ഷന്‍ രണ്ടാം സ്ഥാനത്താണ്. 29 ബൗണ്ടറിയാണ് ദില്‍ഷന്‍ നേടിയത്. വിക്കറ്റ് വേട്ടക്കാരില്‍ മുനാഫിന് തലപ്പത്തെത്താം ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താനുള്ള അവസരം ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേലിന്റെ മുന്നിലുണ്ട്. 4 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് മുനാഫ് പട്ടേല്‍ സ്വന്തമാക്കിയത്. 5 മത്സരത്തില്‍ നിന്ന് 8 വിക്കറ്റുമായി ദില്‍ഷന്‍ ഒന്നാം സ്ഥാനത്തുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു വിക്കറ്റ് നേടിയാല്‍ മുനാഫിന് ദില്‍ഷനെ മറികടക്കാനാവും. പ്രഗ്യാന്‍ ഓജ,യൂസഫ് പഠാന്‍,ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

Top