റോഡ് സേഫ്റ്റി വേൾഡ് സീരീസ് സെമിഫൈനൽ :ഇന്ത്യ ഫൈനലിൽ

റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യൻ ലെജൻഡ്സിനു ജയം.12 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 218 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് മാത്രമേ നേടാനായുള്ളൂ. ജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.

65 റൺസ് നേടിയ സച്ചിൻ ടോപ്പ് സ്കോറർ ആയപ്പോൾ കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവരാജ് 20 പന്തുകളിൽ പുറത്താവാതെ 49 റൺസടിച്ച് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. അവസാന ഘട്ടത്തിൽ യുവിക്കൊപ്പം 20 പന്തുകളിൽ 37 റൺസെടുത്ത യൂസുഫ് പത്താനും തിളങ്ങി.

ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് സെവാഗ് ഇന്നിംഗ്സ് ആരംഭിച്ചത്. 56 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ടിനോ ബെസ്റ്റിനു വിക്കറ്റ് സമ്മാനിച്ച് സെവാഗ് (17 പന്തിൽ 35) മടങ്ങി. രണ്ടാം വിക്കറ്റിൽ കൈഫ്-സച്ചിൻ സഖ്യം 53 റൺസ് പടുത്തുയർത്തി. ഇതിനിടെ സച്ചിൻ ഫിഫ്റ്റിയടിച്ചു. 42 പന്തിൽ 65 റൺസെടുത്ത സച്ചിനെ ബെസ്റ്റ് പുറത്താക്കി. 14.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ നിന്നാണ് യുവിയും യൂസുഫും തുടങ്ങിയത്. 78 റൺസാണ് അവസാന 6 ഓവറിൽ ഇരുവരും സ്കോർ ചെയ്തത്.

Top