റോഡിലെ അമിത വേഗതക്കാരെ പിടികൂടാന്‍ കൂടുതല്‍ ക്യാമറകള്‍

റോഡിലൂടെ അമിത വേഗത്തില്‍ വണ്ടി ഓടിക്കുന്നവര്‍ ജാഗ്രതൈ. നിരത്തിലെ ക്യാമറകള്‍ വീണ്ടും സജീവമാവുകയാണ്. സംസ്ഥാനത്തുടനീളം വാഹനാപകടങ്ങള്‍ കൂടുന്നത് കണക്കിലെടുത്താണ് റോഡുകളില്‍ പ്രവര്‍ത്തനരഹിതമായ ക്യാമറകള്‍ വേഗത്തില്‍ സജ്ജമാക്കാന്‍ പോലീസ് പോലീസ് ഒരുങ്ങുന്നത്.ഏതാനും ക്യാമറകള്‍ തകരാറിലായത് മുതലെടുത്ത് നിരത്തിലൂടെ പറക്കുന്ന വാഹനങ്ങളുടെ എണ്ണവും തുടര്‍ന്നുള്ള വാഹനാപകടങ്ങളുടെ എണ്ണവും ഉയര്‍ന്നിരുന്നു.

ദേശീയപാതകളില്‍ സ്ഥാപിച്ചിരുന്ന ഒമ്പതു ക്യാമറകളാണ് ആദ്യഘട്ടത്തില്‍ നന്നാക്കുക. ഇതിനായി കെല്‍ട്രോണിന് 15 ലക്ഷം രൂപയുടെ കരാര്‍ നല്‍കി.

ആറ്റിങ്ങലിനു സമീപം കോരാണി, ആലപ്പുഴ കരിയിലക്കുളങ്ങര, അമ്പലപ്പുഴയ്ക്കു സമീപം കൊമാന, തൃശ്ശൂര്‍ അക്കികാവ്, കൊട്ടാരക്കരയ്ക്കു സമീപം വാളകം, കരിക്കം, തെക്കേക്കര, തട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമറകളാണ് മാറ്റുന്നത്. രാത്രിയും നിരീക്ഷണം നടത്താവുന്ന ക്യാമറകളാണിവ.

ഇവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അമിതവേഗക്കാര്‍ക്ക് പിഴ ലഭിച്ചിരുന്നു. തുടര്‍ന്ന് എവിടെയൊക്കെ ക്യാമറകളുണ്ടെന്ന് കണ്ടെത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍വരെ പുറത്തിറങ്ങി.

ഇതോടൊപ്പം മോട്ടോര്‍വാഹന വകുപ്പും പലയിടങ്ങളിലായി ക്യാമറ സ്ഥാപിച്ചതോടെ വാഹനങ്ങള്‍ നിയന്ത്രിത വേഗത്തില്‍ ഓടാന്‍ തുടങ്ങി. ഇത് അപകടം കുറച്ചിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതോടെ പിഴയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചിരുന്ന വരുമാനത്തിലും കുറവുണ്ടായി. ഇതും അടിയന്തര നടപടിക്ക് കാരണമാണ്.

Top