കേരളത്തില്‍ 275 അപകട മേഖലകള്‍ ; സാധ്യത കുടതലുള്ള റോഡുകള്‍ എറണകുളം ജില്ലയില്‍

accident

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില്‍ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന 275 ഇടങ്ങളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതില്‍ 159 എണ്ണവും ദേശീയപാതയിലാണ്. ദേശീയ ഗതാഗത ആസൂത്രണ-ഗവേഷണ സ്ഥാപനമായ നാറ്റ്പാക്കും റോഡുസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് പഠനം നടത്തിയത്.

മുന്‍ വര്‍ഷത്തേക്കാള്‍ 80 അപകടമേഖലകള്‍ ഈ വര്‍ഷം കുറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന പഠനത്തില്‍ സംസ്ഥാനത്ത് 355 അപകടമേഖലകളാണ് കണ്ടെത്തിയിരുന്നത്. റിപ്പോര്‍ട്ട് സംസ്ഥാന ഗതാഗത കമ്മിഷണര്‍ കെ. പത്മകുമാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനപാതകളിലും മറ്റു റോഡുകളിലുമായി 116 അപകടമേഖലകളാണുള്ളത്. ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള റോഡുകള്‍ എറണാകുളം ജില്ലയിലാണ്. ഇവിടെ 75 അപകടമേഖലകളാണ് നാറ്റ്പാക്ക് കണ്ടെത്തിയത്.തൊട്ടു പിന്നില്‍ മലപ്പുറവും ആലപ്പുഴയുമാണ്. മലപ്പുറത്ത് 71-ഉം ആലപ്പുഴയില്‍ 57-ഉം അപകടസാധ്യത കൂടിയ സ്ഥലങ്ങളാണുള്ളത്.

ദേശീയ, സംസ്ഥാന പാതകള്‍ കേരളത്തിലെ ആകെ റോഡുകളുടെ ഒന്‍പതു ശതമാനം മാത്രമാണ്. എന്നാല്‍, അപകടങ്ങള്‍ ഏറെയും ഇവയിലാണ് നടക്കുന്നതെന്ന് പഠനത്തില്‍പറയുന്നു. ഒരു റോഡിന്റെ 500 മീറ്റര്‍ ഭാഗമാണ് നാറ്റ്പാക്ക് അപകടമേഖലയായി കണക്കാക്കുന്നത്. റോഡിന്റെ വളവ്, വെളിച്ചക്കുറവ്, അതിവേഗം തുടങ്ങിയ കാരണങ്ങളാണ് ചില സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവാകാന്‍ കാരണമായി കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലുണ്ടായ അപകടങ്ങളുടെ സ്വഭാവവും എണ്ണവും പഠനവിധേയമാക്കിയാണ് അപകടമേഖല കണ്ടെത്തിയത്.

റോഡിലെ കൊടുംവളവുകള്‍ നിവര്‍ത്തിയും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയുമാണ് അപകടമേഖലകളുടെ എണ്ണത്തില്‍ കുറവുവരുത്തിയതെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു.

2016-ല്‍ 39,329 റോഡപകടങ്ങളിലായി സംസ്ഥാനത്ത് 4287 പേര്‍ മരിച്ചു. ഇതില്‍ 1474 പേര്‍ ഇരുചക്രവാഹനയാത്രക്കാരാണ്. 2017-ല്‍ 38,470 വാഹനാപകടങ്ങളില്‍ 4131 പേര്‍ മരിച്ചു. 42,671 പേര്‍ക്ക് പരിക്കേറ്റു. 2005-ലാണ് അടുത്തകാലത്ത് സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ അപകടം നടന്നത് -42,363.

രാജ്യത്തെ ആകെ വാഹനാപകടങ്ങളില്‍ 8.2 ശതമാനം കേരളത്തിലാണ്. വാഹനങ്ങളുടെ പെരുപ്പത്തിനൊപ്പം റോഡുകളുടെ നിലവാരത്തകര്‍ച്ചയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

അപകട ഇടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടം പതിവായ സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊലീസിന്റെയും റോഡുസുരക്ഷാ അതോറിറ്റിയുടെയും സഹകരണത്തോടെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും

അപകടരഹിതമായ യാത്രയ്ക്കുള്ള ബോധവത്കരണപരിപാടികളും കാര്യക്ഷമമായി നടക്കുന്നുവെന്നും റോഡുകളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളും നടന്നുവരുന്നുവെന്നും സംസ്ഥാന ഗതാഗത കമ്മിഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു.

Top