ബി.ജെ.പിക്ക് ജോസഫ് വിജയ് കൊടുത്തത് ‘എട്ടിന്റെ പണി’ നാണം കെട്ട് ദേശീയ നേതൃത്വം

ചെന്നൈ: ഇതു പോലൊരു പരാജയം ബി.ജെ.പി ദേശീയ നേതൃത്വം സ്വപ്നത്തില്‍ പോലും കരുതിയതല്ല.

രാജ്യം ഉറ്റുനോക്കിയ ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ട് പോലും പിടിക്കാനാവാതെ കേവലം 1368ല്‍ ഒതുങ്ങി രാജ്യം ഭരിക്കുന്ന പാര്‍ട്ടി. നോട്ടയ്ക്ക് കിട്ടിയ വോട്ടിനേക്കാള്‍ പിന്നിലാണിത്.

തമിഴകത്ത് നിന്നുള്ള കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ദേശീയ സെക്രട്ടറി എച്ച് രാജ, സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജ എന്നിവര്‍ ചെന്നൈയില്‍ തമ്പടിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കാരു നാഗരാജന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

വിജയമെന്ന അതിമോഹമെന്നും ഇല്ലങ്കിലും മാന്യമായ വോട്ട് വിഹിതം ബി.ജെ.പി ഇവിടെ നിന്നും പ്രതീക്ഷിച്ചിരുന്നു.

ജയലളിതയുടെ മണ്ഡലമായതിനാലും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ദേശീയ തലത്തില്‍ ആര്‍.കെ നഗര്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാലും നാണം കെടുത്തരുതെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടതായ വാര്‍ത്തയും നേരത്തെ പുറത്തു വന്നിരുന്നു.

എന്നാല്‍ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് ബി.ജെ.പിയുടെ വോട്ട് വിഹിതം 1368ല്‍ ഒതുങ്ങുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി കാരു നാഗരാജന്‍ നോട്ടയ്ക്കും കിട്ടിയ വോട്ടിനേക്കാള്‍ പിന്നിലായത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവില്‍ ആറാംസ്ഥാനത്താണ് ബിജെപി സ്ഥാനാര്‍ത്ഥി. നോട്ടയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ‘നാം തമിഴര്‍’ പാര്‍ട്ടി നാലാം സ്ഥാനത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി തമിഴ് യുവ തലമുറയില്‍ മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയതായ പ്രചരണമാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.

രണ്ട് ദ്രാവിഡ പാര്‍ട്ടികളെയും വെട്ടിനിരത്തി ‘വണ്‍മാന്‍ ആര്‍മി’ ദിനകരന്‍ വലിയ ഭൂരിപക്ഷത്തിന് വിജയക്കൊടിനാട്ടിയതാണ് ബി.ജെ.പിക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുന്നത്.

ദ്രാവിഡ രാഷ്ട്രീയം മടുത്ത് തുടങ്ങിയ തമിഴകം ബി.ജെ.പിയെയല്ല ബദലായി കാണുന്നത് എന്നതാണ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്.

ബി.ജെ.പി ഇത്രയും ദയനീയമായ തോല്‍വി നേരിടാന്‍ കാരണം മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദമാണെന്നാണ് തമിഴകത്തെ ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

രജനീകാന്ത് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും അധികം ആരാധകരുള്ള നടന്‍ വിജയ് യെ അധിക്ഷേപിച്ച ബി.ജെ.പി നേതൃത്വത്തിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പ്രതിഷേധം ഇവിടെ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് നിഗമനം.

ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആരാധകരുള്ള ദളപതി എന്നറിയപ്പെടുന്ന വിജയ് യെ ജോസഫ് വിജയ് എന്ന് വിശേഷിപ്പിച്ചാണ് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ അധിക്ഷേപിച്ചിരുന്നത്.

വിജയ് നായകനായ മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്കെതിരായ പരാമര്‍ശങ്ങളും മറ്റുമാണ് പ്രകോപനത്തിന് കാരണം.

ഈ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും പൊതു സമൂഹത്തില്‍ നിന്നും ബി.ജെ.പി നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വഴങ്ങിയിരുന്നില്ല.

ദേശീയ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു. കമല്‍ ഹാസന്‍ അടക്കം നിരവധി താരങ്ങളും മെര്‍സല്‍ ടീമിന് അനുകൂലമായി രംഗത്ത് വന്നിരുന്നു.

തമിഴകത്തും ബി.ജെ.പിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

സ്ത്രീകള്‍ അടക്കം വലിയ രൂപത്തില്‍ ആരാധിക്കുന്ന വിജയ് എന്ന താരത്തെ ജാതീയമായി പോലും അധിക്ഷേപിച്ചതിന് അവസരം കിട്ടിയപ്പോള്‍ ആര്‍.കെ നഗര്‍ ചുട്ട മറുപടി നല്‍കിയതായാണ് വിജയ് ആരാധകരും ഇപ്പോള്‍ വിശ്വസിക്കുന്നത്.

വിജയ് ഫാന്‍സ് രഹസ്യമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ ക്യാംപയിന്‍ നടത്തിയിരുന്നു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മോദി പ്രഭാവം ചൂണ്ടിക്കാട്ടി കരുത്ത് കാട്ടുമെന്ന ബി.ജെ.പിയുടെ അവകാശവാദമാണ് തമിഴകത്ത് ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

Top