ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 24ന് ഫലം പ്രസിദ്ധീകരിക്കും. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ശക്തമായ സുരക്ഷാ സംവിധാനത്തിനു കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ശക്തമായ പോരാട്ടമാണ് ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥയായി മത്സരിക്കുന്നത് പനീര്‍ശെല്‍വം വിഭാഗത്തിലെ ഇ മധുസൂധനനാണ്. അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥിയായി ടിടിവി ദിനകനും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുത് ഗണേഷും, ബിജെപി സ്ഥാനാര്‍ത്ഥിയായി കരു നാഗരാജനും മത്സരരംഗത്തുണ്ട്. മോത്തം 57 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജയലളിതയുടെ സഹോദരി പുത്രി ദീപയും സിനിമാ താരം വിശാലും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും റിട്ടേണിങ്ങ് ഓഫീസര്‍ പത്രിക തള്ളുകയായിരുന്നു.
ജയലളിത വര്‍ഷങ്ങളായി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്തുകയെന്നത് അണ്ണാ ഡി.എം.കെ ഔദ്യോഗിക വിഭാഗത്തിന്റെ അഭിമാന പ്രശ്‌നമാണ്.
ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് തിരഞ്ഞെടുപ്പ് മാസങ്ങളോളം നീണ്ട് പോകാന്‍ ഇടയായത്.
മണ്ഡലത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായഉപതിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ വഴികളും ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കനത്ത പോലീസ് സുരക്ഷയാണ് മണ്ഡലത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനും മണ്ഡലത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.