കമലിനെ മുൻനിർത്തി ആർ.കെ.നഗറിൽ അട്ടിമറി വിജയത്തിന് സി.പി.എം നീക്കം . . ?

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മാറ്റിവച്ച ഉപതിരഞ്ഞെടുപ്പാണ് ഡിസംബർ 21 ന് നടക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടായി മത്സരിച്ച പളനി സ്വാമി-പനീര്‍ശെല്‍വ വിഭാഗങ്ങള്‍ ലയിക്കുകയും ഇപ്പോള്‍ അവര്‍ക്ക് രണ്ടില ചിഹ്നം ലഭിക്കുകയും ചെയ്തതിനാല്‍ ഔദ്യോഗിക അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.

കഴിഞ്ഞ തവണ പനീര്‍ശെല്‍വ വിഭാഗം സ്ഥാനാര്‍ത്ഥിയാക്കിയ ടി. മധുസൂദനന്‍ തന്നെയായിരിക്കും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി.

ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ജയലളിതയുടെ സഹോദര പുത്രി ദീപയും മത്സര രംഗത്തുണ്ടാകും.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ കഴിഞ്ഞ തവണ മത്സരിച്ചയാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചിക്കുന്നത്.

കമല്‍ രാഷ്ട്രിയ പ്രവേശനം പ്രഖ്യാപിച്ച ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കമലിന്റെ നിലപാട് എന്തായിരിക്കുമെന്നതും ഇവിടെ നിര്‍ണ്ണായകമാണ്.

ജയലളിതയുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടനാണ് കമല്‍.

സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ഇടതു പക്ഷവുമായി സഹകരിച്ച് തമിഴകം പിടിക്കണമെന്ന് ആഗ്രഹിക്കുന്ന കമല്‍ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് അറിഞ്ഞ ശേഷമേ സി.പി.എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂവെന്നാണ് അറിയുന്നത്.

പുതിയ രാഷ്ട്രീയ സംവിധാനത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്‍ തയ്യാറായില്ലങ്കില്‍ സി.പി.എം പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ കമലും പിന്തുണച്ചേക്കും.

കമല്‍ ഹാസന്‍ ആര്‍.കെ നഗറില്‍ മത്സരിക്കണമെന്നതാണ് സി.പി.എം നേതൃത്വത്തിന്റെ താല്‍പ്പര്യം.

നിലവിലെ ദ്രാവിഡ രാഷ്ട്രീയ സംവിധാനത്തില്‍ ശക്തമായ എതിര്‍പ്പുള്ള ജനങ്ങള്‍ ജയലളിതയുടെ അഭാവത്തില്‍ കമലിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

ആര്‍.കെ.നഗറില്‍ കമല്‍ സ്ഥാനാര്‍ത്ഥിയായാല്‍ കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പ്രചരണത്തിനെത്താനും സാധ്യതയുണ്ട്.

ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനമടക്കം കേരള സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് വലിയ പിന്തുണയാണ് തമിഴകത്ത് നിന്നും ലഭിച്ചിരുന്നത്.

ഇതിനു പുറമെ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണവും അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളില്‍ എത്തിച്ചാല്‍ ആദ്യ 48 മണിക്കൂര്‍ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നതും പിണറായിക്ക് തമിഴകത്ത് വീര പരിവേഷം ലഭിക്കാന്‍ കാരണമായിരുന്നു.

സൂപ്പർ താരം വിജയ് നായകനായ വിവാദ സിനിമ മെര്‍സല്‍ പറഞ്ഞ കഥയും സ്വകാര്യ ആശുപത്രിയില്‍ സമയത്തിന് പണം അടക്കാന്‍ കഴിയാത്തതിന് മരണപ്പെട്ട വിദ്യാര്‍ത്ഥിയെ ചുറ്റിപറ്റിയായിരുന്നു.

സ്വകാര്യ ആശുപത്രികളുടെ ‘കൊള്ള’ തുറന്ന് കാട്ടിയ മെര്‍സല്‍ സിനിമ കേന്ദ്ര സര്‍ക്കാറിന്റെ ജി.എസ്.ടിയെ അടക്കം വിമര്‍ശിച്ചതോടെ സിനിമക്കെതിരെ ബിജെപി രംഗത്തിറങ്ങുകയുണ്ടായി.

ഇത് വിജയ് ഫാന്‍സും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള രൂക്ഷമായ ഭിന്നതയിലാണ് കലാശിച്ചത്.

വിജയ് യെ ജോസഫ് വിജയ് എന്ന് പറഞ്ഞ് ജാതീയ വിവാദത്തിനും ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ തിരികൊളുത്തി.

ബി.ജെ.പി-വിജയ് ആരാധകര്‍ കട്ട കോപത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്ന പിണറായിയും കമലും ആര്‍.കെ നഗറില്‍ ഒന്നിച്ചാല്‍ വിജയ് ആരാധകരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണ സമാഹരിക്കാന്‍ കഴിയുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍.

ഭൂരിപക്ഷ വര്‍ഗ്ഗീയത വിവാദം ഉയര്‍ത്തിയ കമലിനെതിരെ ബി.ജെ.പി പ്രകോപനം സൃഷ്ടിക്കുകയും യു.പിയില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ വോട്ട് പ്രതീക്ഷിക്കുന്ന ഡി.എം.കെ ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുണാനിധിയുടെ വീട്ടിലെ അപ്രതീക്ഷിത സന്ദര്‍ശനം തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭരണപക്ഷമായ അണ്ണാ ഡി.എം.കെയാവട്ടെ നിലവില്‍ ബി.ജെ.പി നേതാക്കളുമായി നല്ല ബന്ധത്തിലാണ് പോകുന്നതെന്നതും പരസ്യമായ കാര്യമാണ്.

ഈ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തി ഒരു അട്ടിമറി നേട്ടമാണ് സി.പി.എം ആര്‍.കെ.നഗറില്‍ നോട്ടമിടുന്നത്.

ഇക്കാര്യത്തില്‍ കമല്‍ഹാസന്റെ നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

റിപ്പോർട്ട് : ടി അരുൺകുമാർ

Top