അങ്കത്തിനൊരുങ്ങി തമിഴ്‌നാട് ; ആര്‍.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്

ചെന്നൈ: ആര്‍.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം.

ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍.കെ.നഗര്‍ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ 31നകം പ്രതിനിധിയെ കണ്ടെത്തണമെന്ന് മൂന്ന് ദിവസം മുമ്പ് മദ്രാസ് ഹൈക്കാടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

ജനുവരി 5നാണ് ജയലളിത മരിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 10 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ വന്‍തുക ചെലവാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

ഇതിനിടെ രണ്ടില ചിഹ്നം എഐഡിഎംകെ ഔദ്യോഗികപക്ഷത്തിനു തന്നെ എന്ന കോടതി ഉത്തരവിന് പിന്നാലെ തങ്ങള്‍ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

അണ്ണാഡിഎംകെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് കാണിച്ചെന്നും അത് പരിഹരിക്കുന്നത് വരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെട്ട് ഡിഎംകെ ഹര്‍ജി നല്‍കിയിരുന്നു.

Top