നിതീഷ് കുമാറിനെ ആർജെഡിയും കോൺഗ്രസും പിന്തുണക്കും, രാജിക്കൊരുങ്ങി ബിജെപി മന്ത്രിമാർ

പറ്റ്ന : ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. എൻഡിഎ വിട്ടാൽ നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാർട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നൽകി. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്ന അഭ്യൂഹം ഏകദേശം ഉറപ്പായി.

എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷം ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും.

അതേ സമയം ബിഹാറിലെ ബിജെപി മന്ത്രിമാർ രാജിവെച്ചെക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്നാൽ ജെഡിയു, ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നിന്നും ബിജെപിയും നടത്തുന്നുണ്ട്.

ബിജെപിയുമായുള്ള പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ഡിഎ വിടുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് നിതീഷ് മറുകണ്ടം ചാടുന്നതെന്നാണ് വിലയിരുത്തൽ. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യവും ബിജെപി നേരത്തെ തള്ളിയിരുന്നു.

മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതാണ് നിതീഷ് കുമാറിനെ കൂടുതൽ പ്രകോപിപ്പിച്ചത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുകളുമാണുള്ളത്

Top