ബീഹാറിൽ ആർ.ജെ.ഡിയ്ക്കും കോൺഗ്രസ്സിൽ വിശ്വാസമില്ല, ഇടതുപക്ഷത്തോടാണ് തേജസ്വിക്ക് താൽപ്പര്യം !

പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയിലും വലിയ ഒറ്റപ്പെടലാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് സമാജ് വാദി പാര്‍ട്ടികള്‍ക്കു പുറമെ ബീഹാറിലെ പ്രധാന പാര്‍ട്ടികളായ ആര്‍ ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസ്സിനെ അവഗണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാക്കുന്നത്. കോണ്‍ഗ്രസ്സില്‍ ജനങ്ങള്‍ക്കു മാത്രമല്ല മറ്റു പാര്‍ട്ടികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നതിന് ഇതില്‍പരം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ്.

കഴിഞ്ഞ മധ്യാപദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ അവഗണിച്ചതിനാണ് യു.പിയില്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യുപിയില്‍ 10-ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടിലാണ് സമാജ് വാദി പാര്‍ട്ടിയുള്ളത്. പശ്ചിമ ബംഗാളിലും സമാന സാഹചര്യമാണ് ഉള്ളത് 42ലോകസഭ അംഗങ്ങള്‍ ഉള്ള ബംഗാളില്‍ കേവലം 2 സീറ്റുകളാണ് മമത ബാനര്‍ജി കോണ്‍ഗ്രസ്സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ സഖ്യചര്‍ച്ച തന്നെ തെറ്റിപിരിഞ്ഞ അവസ്ഥയിലാണുള്ളത്.

നാല്‍പത് സീറ്റുകളുള്ള ബീഹാറിലും സ്ഥിതി വ്യത്യസ്തമല്ല ഇവിടെ കോണ്‍ഗ്രസ്സിനെ പരമാവധി ഒതുക്കുക എന്ന നയമാണ് ജെ.ഡിയുവും ആര്‍.ജെ.ഡിയും സ്വീകരിച്ചിരിക്കുന്നത്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അനുഭവമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ആര്‍.ജെ.ഡിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ആര്‍ ജെ.ഡി സഖ്യത്തില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് കേവലം 19 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. എന്നാല്‍ ഇതേ സഖ്യത്തില്‍ 29 സീറ്റില്‍ മാത്രം മത്സരിച്ച ഇടതുപക്ഷത്തിന് 16 സീറ്റുകളിലും വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നു. സി.പി.എം, സി.പി.ഐ എം.എല്‍, സി.പി.ഐ പാര്‍ട്ടികളാണ് ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്നത്.

കോണ്‍ഗ്രസ്സിനു നല്‍കിയ സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നെങ്കില്‍ വലിയ വിജയം സഖ്യത്തിന് നേടാമായിരുന്നു എന്നാണ് ആര്‍.ജെ.ഡി നേതൃത്വം വിലയിരുത്തുന്നത്. ഈ വിലയിരുത്തല്‍ തന്നെയാണ് ലോകസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ തിരിച്ചടി ആയിരിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ക്കുള്ളതു പോലെ ശക്തമായ സംഘടനാ സംവിധാനം ബീഹാറില്‍ നിലവില്‍ കോണ്‍ഗ്രസ്സിനില്ല.

ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങളും സംഘടനാ മികവുമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെ തുണച്ചിരുന്നത്. ചുവപ്പിലെ വിശ്വാസ്യത മുന്നണിയിലെ ആര്‍.ജെ.ഡിക്കും നല്‍കിയ വോട്ടര്‍മാര്‍ പക്ഷേ, ആ പരിഗണന കോണ്‍ഗ്രസ്സിന് നല്‍കാന്‍ തയ്യാറായിട്ടില്ല. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ സമ്മര്‍ദ്ദം ചെലുത്തി വാങ്ങിയ കോണ്‍ഗ്രസ്സിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ ജനത നല്‍കിയിരുന്നത്.

ജെ.ഡിയു ബി.ജെ.പി സഖ്യത്തില്‍ ഉണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നത്. അതായത് എന്‍.ഡി.എയും മഹാസഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.03 ശതമാനം മാത്രമാണ്. 3.14 കോടി പേരാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1,57,01,226 വോട്ടുകള്‍ എന്‍.ഡി.എക്കും 1,56,88,458 വോട്ടുകള്‍ മഹാസഖ്യത്തിനുമാണ് ലഭിച്ചിരിക്കുന്നത്. ഇരുസഖ്യവും തമ്മില്‍ 12,768 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

അതിനു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് സഖ്യം എന്‍.ഡി.എ സഖ്യത്തേക്കാള്‍ കൂടുതല്‍ നേടിയിരുന്നത് 29.6 വോട്ടുകളാണ്. വോട്ടിങ് ശതമാനമാകട്ടെ 7.8 ശതമാനവുമായിരുന്നു. എന്‍.ഡി.എക്ക് 37.26 ശതമാനം വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്നത്. ആര്‍.ജെ.ഡി സഖ്യത്തിന് 37.23 ശതമാനം വോട്ടുകളും ലഭിച്ചിട്ടുണ്ട്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 123 സീറ്റുകളാണ് എന്‍.ഡി.എ സഖ്യം നേടിയത്. ആര്‍. ജെ.ഡി സഖ്യത്തിന് 110 സീറ്റുകളും ലഭിക്കുകയുണ്ടായി. പിന്നീട് നിതീഷ് കുമാറിന്റെ ജെഡിയു എന്‍.ഡി.എ വിട്ട് വന്നതോടെ ആര്‍.ജെ.ഡി – ജെ.ഡി.യു സര്‍ക്കാര്‍ നിലവില്‍ വരികയാണുണ്ടായത്.

അതായത്, ജെ.ഡി.യു മുന്നണി വിട്ട് പോയതോടെ വലിയ വെല്ലുവിളിയാണ് ബീഹാറില്‍ ബി.ജെ.പി നേരിടുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒപ്പമില്ലങ്കിലും ഇടതുപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ മതിയെന്ന വികാരമാണ് ആര്‍.ജെ.ഡി നേതൃത്വത്തിലും ഇപ്പോഴുള്ളത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന നീക്കമാണിത്. ആര്‍ ജെ.ഡി – ജെ.ഡി.യു സഖ്യത്തില്‍ തുടരണമെങ്കില്‍ അവര്‍ നല്‍കുന്ന സീറ്റുകള്‍ കൊണ്ട് കോണ്‍ഗ്രസ്സിന് തൃപ്തിപ്പെടേണ്ടി വരും അതല്ലങ്കില്‍ ഒറ്റയ്ക്കു മത്സരിക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ചിന്തിക്കുന്നതു തന്നെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആത്മഹത്യാ പരമായിരിക്കും. അതാകട്ടെ വ്യക്തമാണ്…

EXPRESS KERALA VIEW

Top