ഒരല്‍പ്പം ഉളുപ്പുണ്ടാക്കാനുള്ള വലംപിരി ശംഖ് ഒന്ന് വാങ്ങിവെച്ചു കൂടേ; ആര്‍.ജെ സലിം

rj salim

ടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ നടി ഊര്‍മിളാ ഉണ്ണിയുടെ പ്രതികരണത്തെ പരിഹസിച്ച് ആര്‍.ജെ സലിം രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 11 ചോദ്യങ്ങള്‍ ചോദിച്ചാണ് സലിം എത്തിയിരിക്കുന്നത്. നിങ്ങളീ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ചുക്കുമറിയില്ലെന്നും ആ പാവം ഊര്‍മിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങള്‍ ഭേദ്യം ചെയ്തതെന്നും പറഞ്ഞാണ് സലിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ..

അതുകൊണ്ടു വരൂ, നമുക്ക് ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില “പോസിറ്റീവ് ” ചോദ്യങ്ങൾ ചോദിക്കാം. ഓക്കേ.

1. ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത് ? ഉപ്പേരി ഇലയുടെ ഇടത്താണോ അതോ വലത്താണോ വിളമ്പേണ്ടത് ?

2. സദ്യക്ക് ഇലയിടുമ്പോൾ തെക്കു നിന്നും പടിഞ്ഞാട്ടു നോക്കിയാണോ അതോ വടക്കു നിന്നും തെക്കോട്ട് നോക്കിയാണോ ഇല ഇടേണ്ടത് ? പരിപ്പിനു മുൻപ് സാമ്പാർ ഒഴിക്കുന്ന ചില തെണ്ടികളെക്കുറിച്ചു എന്താണ് അഭിപ്രായം ? അവരെ പപ്പടം വെച്ച് തച്ചു കൊല്ലേണ്ടതാണ് എന്ന ജനഹിതത്തെ മാനിക്കുന്നുണ്ടോ ?

3. അടപ്രഥമനിൽ തേങ്ങാപ്പാൽ ചേർക്കുന്നതാണോ ഉത്തമം അതോ പശുവിൻ പാലോ ? ആട്ടിൻ പാലിനെക്കുറിച്ചുള്ള ഭവതിയുടെ അഭിപ്രായം എന്താണ് ?

4. സാമ്പാറിലെ മുരിങ്ങയ്ക്കാ ചെരിച്ചാണോ അതോ കിടത്തിയാണോ മുറിക്കേണ്ടത് ? ഉപ്പിടുമ്പോൾ ഡപ്പിയിൽ രണ്ടു തവണയാണോ അതോ മൂന്നു തവണയാണോ തട്ടേണ്ടത് ? അങ്ങനെ ഓണത്തിന്റെ മറ്റു ടിപ്പണികൾ എന്തെല്ലാമാണ് ?

5. ഇക്കയുടേം എട്ടന്റേം എത്ര പടം ഭവതി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് ? ബാൽക്കണി ആയിരുന്നോ അതോ ഫസ്റ്റ് ക്ലാസ്സോ ? അബ്രഹാമിന്റെ സന്തതികളുടെ ടോറന്റ് എന്നാണ് റിലീസാവുന്നത് ?

6.. വലം പിരി ശംഖിന് എന്തുകൊണ്ടാണ് ഒരു ഇടത്തേ പിരി ഇല്ലാത്തതു ? ഭാവതിക്കും അത് ബാധകമാണോ ?

7. കഴിഞ്ഞ ‘അമ്മ മീറ്റിങ്ങിൽ ചർച്ച ചെയ്ത പോസിറ്റിവ് കാര്യങ്ങൾ താങ്കളുടെ ജീവിതത്തിൽ കൊണ്ട് വന്ന പോസിറ്റിവ് മാറ്റങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ?

8. “പ്രായമെത്തിയപ്പോൾ” ജീവിതം പഠിപ്പിച്ച ഒന്ന് രണ്ടു വിലപ്പെട്ട പാഠങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ? അങ്ങനെ പ്രായം കൂടുന്തോറും മനുഷ്യനെ ഊളയാക്കുന്ന എന്തുയന്ത്രമാണ് അമ്മയുടെ ഭാരവാഹികളുടെ പക്കലുള്ളത് ? അതിന്റെ എത്ര പതിപ്പുകൾ താങ്കളുടെ കൈവശമുണ്ട് എന്നറിയാൻ കൗതുകമുണ്ട്.

9. ദിലീപിനെ തിരിച്ചെടുക്കണം എന്ന് ധൈര്യമായി, ഒറ്റക്കെഴുന്നേറ്റു, ആരാധ്യ പുരുഷന്മാരുടെ മുഖത്ത് നോക്കി ആജ്ഞാപിക്കാനുള്ള താങ്കളുടെ ഖഴിവ് അപാരം തന്നെ. എത്ര വലം പിരി ശംഖു വാനിറ്റിയിൽ കരുതിയാലാണ് നമുക്ക് ഈ ലെവൽ പിടിക്കാൻ പറ്റുന്നത് ?

10. അങ്ങനെ ദിലീപിനെ മാത്രം ഇങ്ങനെ തിരിച്ചെടുക്കാൻ അദ്ദേഹം എത്ര വലം പിരി ശംഖിന്റെ ഓർഡറാണ് തന്നിട്ടുള്ളത് ?

അവസാനമായി ഒരു ചോദ്യം കൂടി

11. ഒരൽപം ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖു വല്ലതും സ്റ്റോക്കിലുണ്ടെങ്കിൽ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? അല്ല, വെറുതെയെങ്കിലും…

ആ പിന്നെയൊരു കാര്യം, ആ വരാൻ വൈകിയ ജോലിക്കാരിയില്ലേ, ഊർമ്മിള മാമിന്റെയൊരു നിലവാരം കണ്ട് അവർ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടതാകാനാണ് സാധ്യത. അതിന്റെ പേരിലിനി അവരെ അമ്മയിലൊന്നും എടുത്തേക്കല്ലേ..

Top