റിസബാവ ഇനി ഓർമ്മകളിൽ; മൃതദേഹം കബറടക്കി

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍. എറണാകുളം ജില്ലാകളക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി.

നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ റിസബാവ നാടകവേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.

ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. ഡോക്ടര്‍ പശുപതി, ആനവാല്‍ മോതിരം, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, വധു ഡോക്ടറാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ഊമപെണ്ണിന് ഉരിയാടാ പയ്യന്‍, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒടുവില്‍ വേഷമിട്ടത്.

 

Top