വേട്ടയാടപ്പെട്ടവർക്കൊപ്പം റിയാസ് ‘ആ’ മോഷൻ പോസ്റ്ററും സൂപ്പർഹിറ്റ്

തെരഞ്ഞെടുപ്പ് പോരാട്ടം, തെരുവില്‍ മാത്രമല്ല  സോഷ്യല്‍ മീഡിയകളിലും  ശക്തമായി തന്നെയാണ് ഇപ്പോള്‍ പടരുന്നത്. വീറും വാശിയും, സകല നിയന്ത്രണങ്ങള്‍ക്കും അപ്പുറമാണ് പ്രകടമായിരിക്കുന്നത്. സിനിമ സ്‌റ്റൈലിലാണ്, സോഷ്യല്‍ മീഡിയകളില്‍ പ്രചരണം പൊടിപൊടിക്കുന്നത്.ഈ കോലാഹലങ്ങള്‍ക്കിടയിലും ഹൃദയസ്പര്‍ശിയായ ചില പ്രതികരണങ്ങളും  മോഷന്‍ പോസ്റ്ററുകളും  വലിയ രൂപത്തിലാണ് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഇതില്‍  എടുത്ത് പറയേണ്ടത് ബേപ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പരാമര്‍ശിക്കുന്ന മോഷന്‍ പോസ്റ്ററാണ്. രണ്ടു മിനിട്ടും ഒരു സെക്കന്റും നീണ്ടു നില്‍ക്കുന്ന ഈ മോഷന്‍ പോസ്റ്ററില്‍  കേരളത്തിന് പുറത്ത് റിയാസ് നടത്തിയ ഇടപെടലുകളാണ്, വൈകാരികതയോടെ ചിത്രീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്, നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ നിലപാട് സ്വീകരിച്ചതിന്  വേട്ടയാടപ്പെട്ട ഐ.പി.എസ് ഓഫീസര്‍, സഞ്ജീവ് ഭട്ടിന്റെ കുടുംബത്തിനു വേണ്ടി, റിയാസും മറ്റു ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളാണ്, മോഷന്‍ പോസ്റ്ററിന്റെ തുടക്കത്തില്‍ തന്നെ കാണിച്ചിരിക്കുന്നത്.പിന്നീട് ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്, ട്രെയിനില്‍ വച്ച് പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന, ഹരിയാന സ്വദേശി ജുനൈദിന്റെ കുടുംബത്തിനു വേണ്ടി റിയാസ് നടത്തിയ ഇടപെടലുകളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന്, ഡല്‍ഹിയിലും മുംബൈയിലും, റിയാസിനെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത സംഭവവും, വലിയ പ്രാധാന്യത്തോടെ തന്നെയാണ് തുറന്നു കാട്ടിയിരിക്കുന്നത്.

ജാതി ശക്തികളുടെ കോപത്തിനിരയായി, തിരുനെല്‍വേലിയില്‍ ദളിതന്‍ കൊല്ലപ്പെട്ടതും, സംഭവസ്ഥലത്തെത്തിയ റിയാസിന്റെ ഇടപെടലുകളും, ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ആശ്വസിപ്പിക്കുന്നതുമെല്ലാം, മോഷന്‍ പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്. ‘അതിജീവനത്തിനുള്ള കരുത്താണ് മുഹമ്മദ് റിയാസെന്നാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.ഇതിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഇടതുപക്ഷത്തിന്റെ കോട്ടയായ ബേപ്പൂരില്‍ നിന്നും  കേവലമൊരു വിജയം മാത്രമല്ല  റെക്കോര്‍ഡ് ഭൂരിപക്ഷമാണ്  ഇടതുപക്ഷം ഇത്തവണ പ്രതീക്ഷിക്കുന്നത്. റിയാസിന് അത് സാധ്യമാകുമെന്ന് തന്നെയാണ് സഖാക്കളുടെ വിശ്വാസം.

മുന്‍ പൊലീസ് കമ്മീഷണര്‍ പി.എം അബ്ദുള്‍ഖാദറിന്റെ മകനായ മുഹമ്മദ് റിയാസ്  പിതാവ് പൊലീസ് ഓഫീസറായിരിക്കെ തന്നെ  എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്.കമ്മീഷണറുടെ മകന്‍ സമരമുഖത്ത് സജീവ സാന്നിധ്യമായത്  അക്കാലത്ത് പൊലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. റിയാസിന്റെ ഇടപെടലുകള്‍ മാത്രമല്ല  പോരാട്ട വീര്യവും  ജയില്‍വാസവുമെല്ലാം  ഓര്‍മ്മിപ്പിച്ച്  ക്ഷുഭിത യൗവ്വനത്തിനായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത്തവണ വോട്ടുകള്‍ തേടുന്നത്.

Top