ഇടതുപക്ഷ സർക്കാറിനോട് ജനത്തിന് വലിയ മൊഹബത്താണെന്ന് റിയാസ്

ടതുപക്ഷ സർക്കാറിനോട് കേരളത്തിലെ ജനങ്ങൾക്ക് പെരുത്ത് മൊഹബത്താണെന്ന്  ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും ബേപ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ പി.എ മുഹമ്മദ് റിയാസ്.ഭരണ തുടർച്ച എന്ന കാര്യത്തിൽ  യാതൊരു സംശയവുമില്ലന്നും അദ്ദേഹം പറഞ്ഞു. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്..

ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനാണ് റിയാസ്. അതുകൊണ്ട് തന്നെ ബേപ്പൂര്‍ വിജയം അനിവാര്യമാണ്. ഉറപ്പാണോ ബേപ്പൂര്‍?

ബേപ്പൂര്‍ ഉറപ്പാണ്. കോഴിക്കോട് ജില്ലയില്‍ 13ഉം എല്‍ഡിഎഫിന് അനൂകൂലമായ സാഹചര്യമാണുളളത്. ബേപ്പൂര്‍ അടക്കം-13

എന്താണ് ഈ ആത്മവിശ്വാസത്തിന് കാരണം ?

ഒന്ന് ഞങ്ങള്‍ ഈ ജനങ്ങളെ സമീപിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെക്കുറിച്ച് ഒരു മതിപ്പ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തില്ല. പക്ഷേ ഇത്തവണ നിങ്ങള്‍ക്കാണ് വോട്ട് ചെയ്യുക എന്ന പരസ്യമായ അഭിപ്രായ പ്രകടനം.  പിന്നെ ഓരോ വീടുകളിലെയും  രാഷ്ട്രീയ വീടുകള്‍ നമുക്ക് അറിയുന്നതാണല്ലോ. അവിടുന്ന് പോലും പല കാരണത്താല്‍ പല തെറ്റിധാരണകളാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരുന്നവര്‍ സര്‍ക്കാര്‍ ഈ സര്‍ക്കാര്‍ തുടരണം എന്ന ഒരു വികാരത്തിലാണ്.

ഈ മണ്ഡലത്തില്‍പെട്ട വിദ്യാഭ്യാസ സ്ഥാപനം ആയിട്ടുള്ള ഫാറൂഖ് കോളേജില്‍ ആയിരുന്നു പഠനം. എങ്ങനെയാണ് അവിടുത്തെ പഠനം വോട്ട് വര്‍ധിക്കുന്നതിനു കാരണം ആകുമോ?

ഫാറൂഖ് കോളേജിലെ പഠനം ഒരുപാട് അനുകൂല സാഹചര്യമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ഉദാഹരണത്തിന് ഏത് സ്വീകരണ കേന്ദ്രത്തിലും പോയാലും അവിടെ പഴയ ഒന്ന് രണ്ട് കോളേജ്‌മേറ്റ്‌സുകളെ കാണാന്‍ വേണ്ടി പറ്റുന്നു. ഒരു വര്‍ഷം ഫാറൂഖ് കോളജിന്നു പുറത്ത് ഇറങ്ങുന്ന രണ്ടായിരത്തോളം കുട്ടികളില്‍ പകുതി  അന്‍പത് ശതമാനവും ഈ മണ്ഡലത്തിലുള്ളവരാണ്. അപ്പോള്‍ ഏകദേശം അര ലക്ഷത്തിലധികം വോട്ടറന്‍മാര്‍ ഈ മണ്ഡലത്തിലുള്ളവരാണ്. ഞാന്‍ പഠിച്ചു ഇറങ്ങിയതിനു ശേഷം ഒരുപാട് കുട്ടികളുണ്ട്. അപ്പോള്‍ മണ്ഡലത്തിലാകെ ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു അനുകൂല സാഹചര്യമുണ്ട്. അത് വലിയ രീതിയിലേക്കുള്ള അനുകൂല സാഹചര്യമാണ്. അത് വോട്ടിംഗ് പാറ്റേണ്‍ തന്നെ ആകെ മാറ്റി മറിക്കുന്ന ഒരു സാഹചര്യമായി ഞങ്ങള്‍ കാണുന്നുണ്ട്.

ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്റെ ഭാരവാഹിയായി റിയാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ അനുഭവം എത്രത്തോളം ഈ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും ?

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ ഭാരവാഹി ആയി 5 വര്‍ഷം നഗരത്തില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് ഈ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍  അവിടെ ഞങ്ങളൊരു ‘ഓട്ടോ ചങ്ങാതി’ എന്ന് പറയുന്ന ഒരു സഹായ പ്രസ്ഥാനം കൂടി രൂപം കൊടുത്തു. തൊഴിലാളികളുടെ കൂടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും രാത്രി കാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നവരെ കൊണ്ട് വരാനുള്ള ഓട്ടോ ക്യുവില്‍ പോയി മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്ന പ്രവര്‍ത്തനമൊക്കെയായി ബന്ധപ്പെട്ട് ഒരു വല്ലാത്ത ആത്മബന്ധം തൊഴിലാളികളുമായിട്ടുണ്ട്. അവരുടെ ചെറിയ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ഇടപെടുക വലിയ രീതിയില്‍ ഗുണം ചെയ്യും. അവരുടെ വീടുകളിലെ വിവാഹം ഉള്‍പ്പെടെ  അവരുടെ സുഖത്തിലും ദുഖത്തിലും പങ്ക് കൊണ്ട ഒരാളെന്ന നിലയില്‍ അതിന്റെ വലിയ ഗുണം ഈ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ ഉണ്ടാകും.

ഈ തെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐ  എസ്എഫ്ഐ സംഘടനയ്ക്ക് അകത്തു നിന്ന് എത്ര പേര്‍ മത്സരിക്കുന്നുണ്ട്?

പൊതുവേ  യുവജന പ്രാതിനിധ്യം എന്നും കൊടുക്കുന്ന പ്രസ്ഥാനമാണ് ഇടത് പക്ഷ പ്രസ്ഥാനം. ഇത്തവണയും നല്ല രീതിയില്‍ കൊടുത്തിട്ടുണ്ട്. വോട്ടര്‍മാരില്‍ വലിയൊരു ശതമാനവും പേരും യുവത്വമാണ്. അത് പൊതുവെ ഇടത് പക്ഷത്തിനു അനുകൂലമാകും. പിന്നെ യുവത്വം മാത്രമല്ല.  എത്ര പ്രായമായാലും അവരുടെ മനസ്സ് എങ്ങനെ ഉള്ളത് എന്നതാണ് പ്രശ്നം. ഇടത് പക്ഷത്തിന്റെ മൊത്തം പാനല്‍ പരിശോധിച്ചാല്‍ യൂത്ത് വോട്ടേഴ്സ് ആകെ ഇടത് പക്ഷത്തിനു അനുകൂലമാകുന്ന ഒരു സാഹചര്യമാണ്.

അങ്ങനെ ആണെങ്കില്‍ കോണ്‍ഗ്രസ് ആണോ സിപിഎം ആണോ യുവത്വത്തിന് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.?

അത് രണ്ടും രണ്ട് സ്വഭാവമാണ്. യുഡിഫ് ചോദിച്ചു വാങ്ങലാണ്. യൂത്ത് കോണ്‍ഗ്രസ് ഇത്ര ആളെ മത്സരിപ്പിക്കണം അങ്ങനെ ഒരു ഡിമാന്‍ഡ് വെയ്ക്കുന്നവര്‍ അല്ല ഇടത് പക്ഷം. ഞങ്ങളെ സംബന്ധിച്ച് എല്ലാ മേഖലയിലുള്ളവരും പാനലില്‍ ഉണ്ടാകണം, ഉണ്ടായിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇത്ര സീറ്റ് ഇടത് പക്ഷത്തിനു ലഭിക്കുമെന്നാണ് കരുതുന്നത്?

2006,2011,2016ന്റെ ഫലം പരിശോധിച്ചാല്‍ ഇടത് പക്ഷ തരംഗം ആണ് കോഴിക്കോട്. 2011ല്‍ 13 സീറ്റില്‍ 11ല്‍ ഞങ്ങള്‍ ജയിച്ചു. 2006ല്‍ ഒരു സീറ്റേ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളു. 2011ല്‍ മികച്ച ഫലം ആണുണ്ടായത്. ഇത്തവണ 100 പെര്‍സെന്‍ടേജ് വിജയം 13ല്‍ 13ഉം കോഴിക്കോട് ജില്ലയില്‍ ഇടത് പക്ഷത്തിനു ഉണ്ടാകും. ഇപ്പോള്‍ തന്നെ ചില സര്‍വ്വേകള്‍ അത് പറഞ്ഞു കഴിഞ്ഞു.

ഈ പറഞ്ഞെ പോലെ തുടര്‍ ഭരണ സാധ്യത തന്നെയാണ് എല്ലാ സര്‍വ്വേ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. പക്ഷെ സര്‍വ്വേകളെയൊക്കെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷം രംഗത്ത് വന്നിട്ടുള്ളത്. എന്താണ് ഇതിനെ കുറിച്ചുള്ള അഭിപ്രായം ?

എല്ലാ സര്‍വ്വേകളും ഒരുപോലെ പറയില്ലല്ലോ. എല്ലാ സര്‍വ്വേകളും ഒരുപോലെ ഇടത് തുടര്‍ഭരണം വരുന്നു മുഖ്യ മന്ത്രിക്ക് ജനപിന്തുണ ഉണ്ട് ഇടത്പക്ഷത്തിന്റെ ക്ഷേമ പ്രവര്‍ത്തങ്ങള്‍, കിറ്റ് വിതരണം, പെന്‍ഷന്‍, തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് ഇടം നേടിയെന്നും, എല്ലാ സര്‍വ്വേകളും ഒരുപോലെ പറയുന്നു. ലോക്കല്‍ ബോഡി ഇലക്ഷന്‍ ഫലവും  ഗവണ്മെന്റിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കൂടി ആയിരുന്നു. പക്ഷെ സര്‍വ്വേകള്‍ ഒക്കെ നിങ്ങള്‍ മാറ്റി നിര്‍ത്തിക്കോ ഞങ്ങള്‍ക്ക് ഫീല്‍ഡില്‍ നിന്നുള്ള അനുഭവങ്ങളുണ്ട്. ആ അനുഭവങ്ങളാണ് ഏതൊരു സര്‍വ്വേയേക്കാളും ഏറ്റവും വലിയ റിസള്‍ട്ട്. ജനങ്ങളുടെ കണ്ണു നോക്കിയാല്‍ മനസിലാക്കാന്‍ വേണ്ടി പറ്റും ഈ സര്‍ക്കാരിനെ ജനങ്ങള്‍ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വല്ലാത്തൊരു മുഹബതാണ് എല്‍ഡിഎഫ് സര്‍ക്കാരിനോട്.

എങ്കിലും ഈ സര്‍വ്വേകളെയൊക്കെ പ്രതിപക്ഷമപ്പാടെ തള്ളി കളഞ്ഞത് ആത്മവിശ്വാസ കുറവായി കാണുന്നുണ്ടോ?

അല്ല. പ്രതിപക്ഷം ആ സര്‍വ്വേകളെ തള്ളുകയല്ലാതെ അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. സര്‍വ്വേകള്‍ ഒക്കെ ശെരിയാണ്. ഇടത് പക്ഷം വരുമെന്ന് പ്രതിപക്ഷത്തിനു പറയാന്‍ പറ്റുവോ.അവര്‍ക്ക് ആകെ പറയാന്‍ പറ്റുന്നത് സര്‍വ്വേകളെ തള്ളലാണ്.അത് അവര്‍ തള്ളുന്നു. ജനം വളരെ കൃത്യമായി പ്രതിപക്ഷത്തെയും തള്ളും.

 ഭക്ഷ്യ കിറ്റ് വിതരണം തന്നെ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണെന്ന് ഒരു പ്രചരണം ഉണ്ട്. എന്താണ് മറുപടി ?

അതൊക്കെ മനുഷ്യത്വ വിരുദ്ധമായ സമീപനം ആണ്. ഭക്ഷ്യ കിറ്റിനോട് ലൈഫ് പദ്ദതിയോട് പെന്‍ഷനോട് ഒക്കെ പ്രതിപക്ഷം എടുത്തിട്ടുള്ള നിലപാട് അവര്‍ക്ക് തന്നെ ഡാമേജ് ഉണ്ടാക്കും. ഇതൊന്നും ഏതെങ്കിലും തെരഞ്ഞെടുപ്പ് കണ്ടിട്ടല്ല. പ്രളയം വന്ന സമയത്തും കോവിഡ് കാലത്തും നാളെ ആരൊക്കെ ഉണ്ടാകും എന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ്. മനുഷ്യന്‍ ഉണ്ടാകുമോ എന്ന് പോലും പറയാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ചെയ്ത ഒരു കാര്യത്തില്‍.  തെരഞ്ഞെടുപ്പ് എന്നൊക്കെ പറഞ്ഞാല്‍  മനുഷ്യന്‍ ഉണ്ടെങ്കില്‍ അല്ലേ തെരഞ്ഞെടുപ്പ് ഉണ്ടാകു. അപ്പോള്‍ ഇതൊക്കെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ആണ്. വ്യക്തിഹത്യകള്‍ പോലെയുള്ള അസംബന്ധങ്ങള്‍ അസത്യ പ്രചരണങ്ങള്‍ പ്രതിപക്ഷത്തിനു വലിയ രീതിയില്‍ ഡാമേജ് ആകും.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്ന് വരെ ഒരു ഭരണ തുടര്‍ച്ച ഉണ്ടായിട്ടില്ല. എന്തിനു ജനങ്ങള്‍ ഇത്തവണ ഇടതു പക്ഷത്തിനു വോട്ട് ചെയ്യണം?

മൂന്നാല് കാര്യങ്ങള്‍ ഉണ്ട്. 2009ല്‍ ആണ് മണ്ഡലം പുനര്‍ വിഭജനം വന്നത്. വിഭജനത്തിന് ശേഷം രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നു. 2016ല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2011ല്‍ കഷ്ടിച്ച് നഷ്ടപ്പെട്ടു. പുനര്‍ വിഭജനത്തിന് ശേഷം ഇടതിനു അനുകൂലമാണ് കേരളത്തിലെ മണ്ഡലങ്ങള്‍. രണ്ടാമത്തെ കാര്യം സര്‍ക്കാര്‍ പഴയത് പോലെ അല്ല. ജനങ്ങളുമായിട്ട് സര്‍ക്കാര്‍ ബന്ധം നേരിട്ട് അനുഭവിക്കുക ആണ്. വൃദ്ധ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ ആശ്വാസമാണ്. അവരത് നേരിട്ട് മനസിലാക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ
വീട്ടിലെ മാതാ പിതാക്കള്‍ പോലും എല്‍ഡിഎഫ് സര്‍ക്കാരിന് വോട്ട് ചെയ്യും. സ്‌നേഹിക്കും. കിറ്റ് വിതരണം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനം, ഹൈ ടെക് ക്ലാസ് മുറികള്‍, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, കാര്‍ഷിക പാക്കേജുകള്‍ ആയിക്കോട്ടെ എല്ലാം സര്‍ക്കാര്‍ നേരിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയ കാര്യമാണ്. ജനങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ ആണ്. ഒരു പരസ്യത്തിന്റെയും ആവശ്യമില്ല. ഒരു കുപ്രചാരണത്തിനും ചെറുക്കാന്‍ പറ്റില്ല. സര്‍ക്കാരിന്റെ സ്ഥാനം ജന മനസിലാണ്.

എങ്ങനെ ആണ് ഈ മണ്ഡലത്തിലെ താങ്കളുടെ എതിര്‍ സ്ഥാനാര്‍ഥികളെ നോക്കി കാണുന്നത്?

ഞാന്‍ എതിര്‍ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി എതിരാളികളായി കാണുന്നില്ല.. രാഷ്ട്രീയവും ആശയപരവുമായ മത്സരമാണ്. അവരെപ്പറ്റി മോശം പറയുക, വ്യക്തിഹത്യ ചെയ്യുക അതൊന്നും ജനത്തിന് ഇഷ്ടമല്ല. എന്നാല്‍ പലപ്പോഴും അതിനു തയാറാകാത്ത രീതിയാണ് വലത് പക്ഷം പോകുന്നത്. എതിര്‍ സ്ഥാനാര്‍ഥി ആരെന്നുള്ളത് നോക്കുന്നില്ല. ഞങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം സ്ഥാനാര്‍ഥി എന്ന നിലയില്‍ ഈ മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ളതാണ് ജനങ്ങളോട് പറയുന്നത്.

ഗുജറാത്ത് കലാപവും ആയി ബന്ധപെട്ടു നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ നിലപാട് എടുത്ത മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജയ് ഭട്ടിനെ ജയിലില്‍ അടച്ച സംഭവത്തില്‍ ശക്തമായ നിലപാട് എടുത്ത ആളാണ് റിയാസ്. എന്തായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താങ്കളോട് പറഞ്ഞത്?

സഞ്ജയ് ഭട്ടിന്റെ കുടുംബം ആകെ പ്രയാസപ്പെട്ട് ഇരിക്കുന്ന സമയത്ത് സഖാവ് പ്രീതി ശേഖറും, ഞാനും. ഞങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി കുടുംബത്തെ സന്ദര്‍ശിച്ചു. ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കി. കേരള മുഖ്യ മന്ത്രിയെ കാണാന്‍ അവസരം ഒരുക്കി. ഇന്നും ആ ബന്ധം തുടരുന്നു.

ഒരു മുന്‍ പൊലീസ് കമ്മിഷണറുടെ മകന്‍ ആണല്ലോ. ആ രീതിയില്‍ ആ കുടുംബത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

ദുഖകരമാണ്. അവരുടെ കുടുംബത്തിന് നീതി നിഷേധിക്കുകയാണ്. സിനിമയില്‍ കാണുന്ന പോലെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. അവരുടെ കൂടെ നിക്കുന്നവരുടെ കാര്യം പോലും വലിയ പ്രയാസമാണ്. എന്നാലും അവര്‍ക്കൊപ്പം നിന്നു. അവര്‍ നല്ല ആത്മവിശ്വാസത്തിലാണ്. എങ്കിലും നല്ല ഒരു ഉദ്യോഗസ്ഥന്‍ ജയിലില്‍ കഴിയുന്നത് ജനാധിപത്യ രാജ്യത്ത് ദുഃഖകരവും അപകടകരവുമാണ്.

ട്രെയിനില്‍ വെച്ച് പരിവാറുകാര്‍ കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദിന്റെ കുടുംബത്തിന് സഹായം എത്തിക്കുന്നതിനു വേണ്ടി റിയാസിന്റെ വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്തായിരുന്നു ആ കുടുംബത്തിന്റെ പ്രതികരണം?

ജുനൈദ് തലയില്‍ വെള്ളതൊപ്പി വെച്ചന്ന പേരിലാണ് പരിവാറുകാര്‍ ജുനൈദിനെ കൊലപെടുത്തിയത്. ജുനൈദിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. തടഞ്ഞു വെച്ചു. പെരുന്നാളിന് കഴിക്കേണ്ട ‘ബിരിയാണി റെയിഡ് ചെയ്ത് ആകെ നശിപ്പിച്ചു. അതിനെതിരെ പെട്ടെന്ന് തന്നെ പ്രതികരിച്ചു. ഒരു ടീം ആയി പ്രകടനം നടത്തി. കര്‍ഫ്യൂ കഴിഞ്ഞിട്ടും ഞങ്ങളെ ആ പ്രദേശത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. പക്ഷെ ഞങ്ങള്‍ അത് മറി കടന്നു. ജുനൈദിന്റെ കുടുംബത്തിന് അത് വളരെ സന്തോഷമായി. കേരളത്തില്‍ ന്യൂന പക്ഷങ്ങള്‍ക്ക് സുരക്ഷിതത്വമുണ്ട്. മുഖ്യ മന്ത്രിയെ കാണാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ വന്ന സമയത്ത് കാണാന്‍ പെട്ടെന്ന് തന്നെ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. സഹായവും നല്‍കി. അതൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. ജുനൈദ് എന്നും മനസ്സില്‍ നിലനില്‍ക്കുന്ന ഒരു ബാലനാണ്.

തിരുനെല്‍വേലിയില്‍ ജാതി ശക്തികള്‍ കൊലപ്പെടുത്തിയ ദളിതനായ ഡിവൈഎഫ്ഐ യുടെ ജില്ലാ നേതാവിനെ തന്നെ ആയിരുന്നു. എന്തായിരുന്നു അവിടെ നേരിട്ട് ചെന്നപ്പോള്‍ ഉള്ള ഒരനുഭവം?

അശോകിനെ സവര്‍ണ ഗുണ്ടകളുടെ ഭൂമിയിലൂടെ വെള്ളമെടുക്കാന്‍ നടന്നു പോകുന്നവരെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഭീഷണിപ്പെടുത്തി കൊലപെടുത്തിയത്. മൃതദേഹം തടയാനും ശ്രമിച്ചു. അശോക് ഒരു പ്രതീകമാണ്.

ജാതി ശക്തിക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ ഡിവൈഎഫ്‌ഐയുടെ പങ്ക് എന്താണ്?

ഡിവൈഎഫ്‌ഐയുടെ ഒരു കോര്‍ഡിനേഷന്‍ മൊത്തത്തില്‍ ഉണ്ടാക്കാന്‍ ശ്രെമിച്ചു. അത് നല്ല രീതിയില്‍ പോയിട്ടുണ്ട്. ഓരോ സ്റ്റേറ്റിലും ജോയിന്റ് ആയിട്ട് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തില്‍ നിരവധി തവണ മുംബൈയിലും ഡൽഹിയിലും വെച്ച് താങ്കള്‍ അറസ്‌റ്റ് ചെയപ്പെട്ടിട്ടുണ്ട്. ഉപദ്രവിച്ചിരുന്നോ പൊലീസ്?

പൊലീസ് അന്ന് ഞങ്ങളെ അടിച്ചിരുന്നു. പല ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്ക് സമരം ചെയ്തു. ഡല്‍ഹിയിലെ ട്രാഫിക് സിഗ്‌നലില്‍ ഞങ്ങള്‍ ഓരോരുത്തരും പ്ലെകാര്‍ഡ് പിടിച്ചു നിന്നു. പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ പൊലീസ് മര്‍ദിച്ച് സ്റ്റേഷനില്‍ കൊണ്ട് ഇട്ടപ്പോള്‍, സ്റ്റേഷന്‍ ഒരു സമര കേന്ദ്രം ആക്കി. പുറത്ത് ആള് കൂടിയ സ്ഥിതി ആയപ്പോള്‍ ആണ് നമ്മളെ പുറത്ത് വിട്ടത്. മുംബൈയില്‍ ഇതിലും ഭീകരം ആയിരുന്നു സ്ഥിതി. അവിടെ യൂത്ത് മാര്‍ച്ച് ഉദ്്ഘാടനം നടത്താന്‍ പോയപ്പോള്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. ഒരു ഭീകരമായ മര്‍ദ്ദനം ആണ് അഴിച്ചു വിട്ടത്. പൊലീസ് വണ്ടിയില്‍ ഇട്ടു മര്‍ദിച്ചു. ഇതുപോലെ തന്നെ ആണ് കോയമ്പത്തൂരിലും ഉണ്ടായ അനുഭവം. ഇനിയും അതിനു തുടര്‍ച്ചയായി മുന്നോട്ട് കൊണ്ട് പോകും.

കേരളത്തിന് അകത്തും മുന്‍കാലങ്ങളില്‍ താങ്കള്‍ ജയില്‍ വാസം അനുഭവിക്കുകയും  മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഒക്കെ ഒരു മുന്‍ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ എന്തായിരുന്നു താങ്കളുടെ പിതാവിന്റെ നിലപാട്?

പിതാവ് ഇന്നുവരെ എന്നോട് ഇന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നോ  പ്രവര്‍ത്തിക്കരുതെന്നോ പറഞ്ഞിട്ടില്ല. രണ്ട് തവണ രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങിയ പൊലീസ് ഓഫീസര്‍ ആണ്. കോണ്‍ഗ്രസ് പശ്ചാത്തലം ഉള്ള കുടുംബം ആണ്  അദ്ദേഹത്തിന്റേത്.  അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തിരുന്ന പല നിലപാടുകളും എന്നെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷത്തോട് കൂടുതല്‍ അടുക്കാന്‍ കാരണം ആയി. പിതാവ് റിട്ടയര്‍മെന്റ് ചെയ്യുന്ന സമയത്ത് ഞാന്‍ ജയിലില്‍ ആയിരുന്നു.

യഥാര്‍ത്ഥത്തില്‍ ആരാണ് റിയാസിനെ കമ്യൂണിസ്റ്റ് ആക്കിയത്?

ഫാദര്‍ കോഴിക്കോട് പൊലീസ് ഓഫീസര്‍ ആയി ജോലി ചെയ്യുമ്പോള്‍ എന്റെ അയല്‍വാസികള്‍ എസ്എഫ്‌ഐക്കാര്‍ ആയിരുന്നു. അങ്ങനെ ആണ് ഞാന്‍ എസ്എഫ്‌ഐയെ കുറിച്ച് മനസിലാകുന്നത്. ആറാം ക്ലാസില്‍ മെമ്പര്‍ഷിപ് എടുത്തു. ലീഡര്‍ ആയി മത്സരിച്ചു ജയിച്ചു. പിന്നീട് യൂണിറ്റ് പ്രസിഡന്റ് ആയി. പിന്നീട് എസ്എഫ്‌ഐ യില്‍ സജീവമായി പ്രവര്‍ത്തിച്ചു.

ബേപ്പൂര്‍ ഉറപ്പാണെന്നു വളരെ ആത്മവിശ്വാസത്തോട് കൂടി പറഞ്ഞു. എത്ര ആണ് ഉറപ്പിക്കുന്ന ഭൂരിപക്ഷം?

ഭൂരിപക്ഷത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. നൂറ് ശതമാനം ശ്രെമിക്കുക, ഞങ്ങള്‍ ശ്രെമിക്കാത്തത് കൊണ്ട് ഒരു വോട്ടു പോലും നഷ്ടമാകരുത്. ഭൂരിപക്ഷം പലരും പലതും പറയുന്നുണ്ട്. ചെവിട്ടില്‍ രണ്ട് പഞ്ഞി വെച്ചിട്ടാണ് നില്‍ക്കുന്നത്. കാരണം ലോകാസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു അനുഭവം എനിക്കുണ്ട്. 838 വോട്ടിനു ഞങ്ങള്‍ അന്ന് പരാജയപ്പെട്ടു. ഒരു ബൂത്തില്‍ ഒരു വോട്ട് ഉണ്ടായിരുന്നു എങ്കില്‍ അന്ന് ഞങ്ങള്‍ വിജയിക്കുമായിരുന്നു. ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോഴും ഒരു വോട്ടിനു പ്രാധാന്യമുണ്ട് എന്ന് കരുതിയിട്ടാണ് ഞാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്.

 

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

 

 

Top