ആകാശവാണിയും ദൂരദർശനും കേരളത്തിനെതിരായ പ്രചാരകരായി മാറുന്ന കാലം വിദൂരമല്ല : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ആകാശവാണിയെയും ദൂരദർശനെയും കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസാർ ഭാരതിക്ക് കീഴിലുള്ള ആകാശവാണിക്കും ദൂരദർശനും വാർത്തകൾ നൽകിയിരുന്നത് യുഎൻഐ, പിടിഐ എന്നീ വാർത്താ ഏജൻസികൾ ആയിരുന്നു. അവരെ ഒഴിവാക്കിയാണ് ആർഎസ്എസ് അനുകൂല വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ ഏൽപ്പിക്കാൻ കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.

1949 ൽ ആണ് പിടിഐ രൂപം കൊണ്ടത്. യുൻഐ 1961 ലും . ഇത്രയും പ്രവർത്തന പാരമ്പര്യമുള്ള വാർത്ത ഏജൻസികളെ മാറ്റാൻ മാത്രം ഹിന്ദുസ്ഥാൻ സമാചാറിന് എന്ത് അർഹതയാണ് ഉള്ളത് എന്ന് ചിന്തിക്കണം. ഇന്ത്യയുടെ മതനിരപേക്ഷതയെ ആക്രമിക്കുന്ന നിരവധി ലേഖനങ്ങളും വർഗീയ പ്രചാരകരുടെ വിഷം വമിക്കുന്ന പ്രസംഗങ്ങളും ആണ് അവരുടെ വെബ്സൈറ്റിൽ ഉള്ളത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി കരാർ ഒപ്പുവെച്ചത്. ആർഎസ്എസിന്റെ പരേഡ് ഉൾപ്പെടെ ദൂരദർശനും ആകാശവാണിയും ലൈവ് ആയി സംപ്രേഷണം ചെയ്യുന്ന കാലം വിദൂരമല്ല. കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ ബോധത്തെയും മതനിരപേക്ഷതയെയും സംഘപരിവാർ നേതാക്കൾ ഇപ്പോഴേ ആക്രമിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന് എതിരെയുള്ള പ്രചാരകരായി ദൂരദർശനം ആകാശവാണിയും മാറും എന്നതിൽ സംശയമില്ല. സംഘപരിവാറിന്റെ ദീർഘകാല അജണ്ടയുടെ ഭാഗമാണിത്. രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി ഇന്ന് ഇക്കാര്യം പറഞ്ഞില്ലെങ്കിൽ നാളെ ഇത് പറയാൻ മതനിരപേക്ഷ ഇന്ത്യ കാണില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Top