ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: റിയാസ് അബൂബക്കറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ അഞ്ച് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. റിയാസ് അബൂബക്കര്‍ സ്വയം ചാവേര്‍ ആകാന്‍ തീരുമാനിച്ചിരുന്നതായി എന്‍ഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനായ റിയാസിന്റെ കൂടുതല്‍ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യല്‍ തുടരേണ്ടതുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍ഐഎ അറിയിച്ചിരുന്നു. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയതായാണ് സൂചന.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.

Top