കേരളത്തിന്റെ വാനമ്പാടിയോടപ്പം ഡ്യൂയറ്റ് പാടി അറബി; ഒരു മുറൈ വന്ത് പാർത്തായാ…

റിയാദ്: കേരളത്തിന്റെ വാനമ്പാടി ചിത്രയ്ക്കൊപ്പം ഡ്യൂയറ്റ് പാടിയത് സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണി. മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ വന്ത് പാർത്തായാ’എന്ന പാട്ടാണ് ഇദ്ദേഹം ചിത്രയ്ക്കൊപ്പം പാടിയത്. വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിലും മൽമാണി മനോഹരായി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് ഇരുവറം പാടിയത്. ഈ ഗാനം കൂടാതെ സൽമാൻ ഖാൻ അഭിനയിച്ച ‘ലവ്’ എന്ന സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പർ ഹിറ്റ് ഗാനവും അദ്ദേഹം ചിത്രയ്‌ക്കൊപ്പം ആലപിച്ചു.

ഗാനത്തിന്റെ അവസാന ഭാഗങ്ങൾ പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. സൗദി ഗായകനും അഭിനയതാവും മോഡലുമാണ് അഹമ്മദ് സുൽത്താൻ.

സുഹൃത്ത് അയച്ചു തന്ന ഒരു വിഡിയോ വഴിയാണ് അഹമ്മദ് സുൽത്താൻ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഷോ ഡയറക്ടർ എൻ.വി. അജിത് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്തി അവിടെയുള്ള സുഹൃത്ത് പാട്ട് പഠിപ്പിക്കുകയിരുന്നു. ഏതാണ്ട് മൂന്നാഴ്ച്ച കൊണ്ടാണ് അഹമ്മദ് ഈ പാട്ട് പഠിച്ചതെന്നും അജിത് പറഞ്ഞു . ‘രണ്ടു ദിവസം കൂടുമ്പോഴുള്ള ഓരോ വൈകുന്നേരവും വാട്ട്സാപ്പിൽ അറബിയുടെ ട്രയൽ വേർഷൻ എത്തും. ഏതാണ്ട് മൂന്നാഴ്ച കൊണ്ട് അത്യാവശ്യം പ്രസന്റബിളായ അവസ്ഥയിലായി’– അജിത് വ്യക്തമാക്കി.

കേരളത്തിന്റെ വാനമ്പാടിയോടൊപ്പം സ്റ്റേജിൽ നിന്ന് ഗാനം ആലപിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് അഹമ്മദ് സുൽത്താനും പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top