പണം തട്ടിപ്പു സംഘങ്ങളെ റിയാദില്‍ അറസ്റ്റ് ചെയ്തു

ന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള  പണം തട്ടിപ്പു സംഘങ്ങളെ സൗദിയിലെ റിയാദില്‍ അറസ്റ്റ് ചെയ്തു. തൊഴിലവസരം വാഗ്ദാനം ചെയ്ത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. രണ്ട് പണം തട്ടിപ്പു സംഘങ്ങളെയാണ് കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒരു സംഘത്തില്‍ ആറും മറ്റൊരു സംഘത്തില്‍ നാല് പേരുമാണ് പിടിയിലായത്. സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സംഘങ്ങളെ വലയിലാക്കിയതെന്ന് റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

വിദേശത്ത് കഴിയുന്ന രണ്ട് പേര്‍ക്ക് ഇവരുമായി ബന്ധമുള്ളതായും പൊലീസ് അറിയിച്ചു. തൊഴിലവസരം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി അഭിമുഖം സംഘടിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. ഉദ്യോഗാര്‍ഥികളുമായി നടത്തുന്ന അഭിമുഖത്തിലൂടെ വ്യക്തികളുടെ ബാങ്ക് വിവരങ്ങളും താമസ രേഖ വിവരങ്ങളും ഉള്‍പ്പെടെയുള്ള കൈക്കലാക്കും. പിന്നീട് ഇത് ഉപയോഗിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ തരപ്പെടുത്തിയാണ് ഇവര്‍ പണം കവര്‍ന്നിരുന്നത്.

റിയാദ് മക്ക, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്നായ് വ്യത്യസ്ത വ്യക്തികളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തിലധികം റിയാല്‍ കവര്‍ന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാല്‍പ്പതിനായിരം റിയാല്‍, സ്വര്‍ണാഭരണങ്ങള്‍, വിവിധ ടെലികോ കമ്പനികളുടെ 4800 ഓളം സിം കാര്‍ഡുകള്‍ എന്നിവയും പ്രതികളില്‍ നിന്നും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പ്രതികളെ തുര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

Top