വ.അയർലന്റിൽ നദികൾ മലിനം; കുടിവെള്ള ക്ഷാമം, ടൂറിസം ഇടിവ്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നദികള്‍ മലിനജലസ്രോതസ്സായി മാറുന്നു. ഏകദേശം 70 ലക്ഷത്തോളം (ഏഴ് മില്ല്യണ്‍) ടണ്‍ മലിനജലമാണ് വടക്കന്‍ അയര്‍ലന്‍ഡിലെ കടലുകളിലേക്കും നദികളിലേക്കും പ്രതിവര്‍ഷം ഒഴുകിയെത്തുന്നത്. രാജ്യത്തെ ജലാശയങ്ങളുടെ ആരോഗ്യസ്ഥിതി നാള്‍ക്കുനാള്‍ ശോഷിച്ചു കൊണ്ടിരിക്കുകയാണ്. വടക്കന്‍ അയര്‍ലന്‍ഡിലെ മൂന്നിലൊന്ന് വരുന്ന ജനങ്ങള്‍ വസിക്കുന്ന ബെല്‍ഫാസ്റ്റ് മെട്രോപൊളിറ്റന്‍ പ്രദേശത്താകെ 30 ലക്ഷം (3 മില്ല്യണ്‍)വരുന്ന മനുഷ്യ മാലിന്യമാണ് പുറം തള്ളപ്പെട്ടിരിക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ ലോഫ് നീഗില്‍ രണ്ട് ലക്ഷം ടണ്‍ വരുന്ന മലിനജലമാണ് പുറന്തള്ളപ്പെടുന്നത്. ഇത് രാജ്യത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കുമെത്തിക്കുന്നു.

രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ പോലും മലിനജലം അടിഞ്ഞു കൂടുന്നത് വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സൃഷ്ടിക്കപ്പെടുന്നതായും വിലയിരുത്തപ്പെടുന്നു.

ആവാസവ്യവസ്ഥ നശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 12 ആം സ്ഥാനത്താണ് അയര്‍ലന്‍ഡ്. മാലിന്യ നിർമ്മാർജ്ജത്തിനും റീസൈക്ലിങ്ങിനുമായി അടുത്ത ആറ് വര്‍ഷത്തേക്ക് 200 കോടിയോളം (2 ബില്ല്യണ്‍ പൗണ്ട്) നിക്ഷേപം അനിവാര്യമാണ്. എന്നാല്‍ ഈ വര്‍ഷം രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അനുവദിച്ച തുക 40 ഓളം വരുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ക്ക് മാത്രമായിരിക്കും ഉപകാരപ്രദമാകുക.

450 നദികള്‍, 21 തടാകങ്ങള്‍ എന്നിവയുടെ സ്ഥിതി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡിലെ മൂന്നിലൊന്ന് വരുന്ന ജലാശയങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയതായി 2015 ലും 2018 ലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൂന്ന് വർഷം കൊണ്ടാണ് നദികളുടെ ആരോഗ്യസ്ഥിതി ഇത്ര പരിതാപകരമായ അവസ്ഥയിലെത്തിയത്. അമിതമായ തോതിലുള്ള കൃഷിയാണ് മലിനീകരണത്തിലേക്ക് നയിക്കുന്നതെന്ന നിഗമനങ്ങളും ഉണ്ട്.

Top