സ്ത്രീസാന്നിധ്യമില്ലാത്ത പൂജയിൽ പങ്കെടുത്തു;ഐഎഎസ് ഉദ്യോഗസ്ഥ വിവാദത്തിൽ

ഹിമാചൽ പ്രദേശ് : സ്ത്രീകൾക്ക് പ്രവേശം ഇല്ലാത്ത ക്ഷേത്രപൂജയിൽ അധികാരം ഉപയോഗിച്ച് പങ്കാളിയായ ഐഎഎസ് ഉദ്യോഗസ്ഥ വിവാദത്തിൽ. ഹിമാചല്‍ പ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥ ഋത്വിക ജിന്‍ഡാലാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ഹിമാചലിലെ സോളനിലെ ഷൂലിനി ക്ഷേത്രത്തിലെ ‘ഹാവന്‍’ എന്ന ചടങ്ങിലാണ് പാരമ്പര്യം തെറ്റിച്ച്‌ ഇവര്‍ പങ്കെടുത്തത്.

നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിയിലാണ് സംഭവം നടന്നത്. പരമ്പരാഗതമായി സ്ത്രീ സാന്നിധ്യം ഒഴിവാക്കിയാണ് ഈ പൂജ നടത്താറ്. പരമ്പരാഗത വിശ്വാസം തകര്‍ത്ത ഋതികാ ജിന്‍ഡാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാണ്. ഋതികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 24 ന് ശനിയാഴ്ച ആയിരുന്നു ദുര്‍ഗാഷ്ടമി. ക്ഷേത്രത്തിലെ തയ്യാറെടുപ്പുകള്‍ പരിശോധിക്കാനാണ് താന്‍ എത്തിയത് എന്നാണ് ജിന്‍ഡാല്‍ പ്രതികരിച്ചത്. ക്ഷേത്രത്തിൽ നടക്കുന്ന പൂജയിൽ പങ്കാളിയാകാന്‍ അനുവദിക്കണമെന്ന് ജിന്‍ഡാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പുരോഹിതവൃന്ദം അത് തള്ളിയിരുന്നു.

പൈതൃകം അനുസരിച്ച്‌ ക്ഷേത്രത്തിലെ ദേവി മാ ഷൂലിനിയുടെ വിജയത്തിനായി ഈ ദിവസം നടക്കുന്ന ‘ഹാവന്‍’ എന്ന ചടങ്ങില്‍ സ്ത്രീകള്‍ പങ്കു ചേരരുത് എന്നാണ് വിശ്വാസം. എന്നാല്‍ പുരോഹിതരുടെ പ്രതിരോധം മറികടന്ന് ഋതിക ഇവിടെ എത്തുകയായിരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് ആരും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം മാനസീകാവസ്ഥയെ സ്ത്രീകള്‍ വെല്ലുവിളിക്കണം എന്നായിരുന്നു ചടങ്ങ് തെറ്റിച്ച ശേഷം ഋത്വിക പ്രതികരിച്ചതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുര്‍ഗാഷ്ടമിക്ക് നമ്മള്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച്‌ പറയും. എന്നാല്‍ അവരുടെ അവകാശങ്ങള്‍ പിടിച്ചുവെയ്ക്കും. ഞാന്‍ ക്ഷേത്രത്തില്‍ പോയത് തയ്യാറെടുപ്പുകള്‍ പരിശോധിക്കാനാണ്. ക്ഷേത്രത്തില്‍ സ്ത്രീകളെ പൂജയ്ക്കായി കയറ്റും. എന്നാല്‍ ഹാവന്‍ ചടങ്ങില്‍ ഇരുത്തില്ല. ആദ്യം സ്ത്രീയായിരിക്കുക. അതിന് ശേഷം ഭരണാധികാരിയാകാം. സ്ത്രീകളുടെ അവകാശത്തിനായി എന്നാല്‍ കഴിയും വിധം പോരാടും എന്ന് ഋത്വിക പ്രതികരിച്ചു. ഋത്വികയുടെ ചെയ്തി ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അധികാര ദുര്‍വ്വിനിയോഗം എന്നാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം.

Top