കുടിയേറ്റ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കാന്‍ രാജ്യമൊന്നിക്കണമെന്ന് ബോളിവുഡ് നടന്‍

മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവ് സൗജന്യമാക്കണമെന്ന് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്. അതിനായി രാജ്യമൊന്നിക്കണമെന്നും താരം ആവശ്യപ്പെട്ടു.
കൊവിഡ് 19 ബാധിക്കുമോയെന്ന ഭീതിക്ക് പുറമേ താമസിക്കാനോ കയ്യില്‍ പണമോ ഇല്ലാത്തവരാണ് ഇവരില്‍ ഏറിയ പങ്കെന്നും താരം ട്വിറ്ററില്‍ പ്രതികരിച്ചു.

രാജ്യത്തെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാത്തതിന് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പ്രധാനമന്ത്രി മോദിയ വിമര്‍ശിച്ചിരുന്നു. ടിക്കറ്റിന് നല്‍കാന്‍ പണം കയ്യിലില്ലാത്തവര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റെടുത്ത് നല്‍കുമെന്ന് സോണിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും മരുന്നും പണവും ഗതാഗത സൗകര്യങ്ങളും ഇല്ലാതെ കാല്‍നടയായി സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇവരില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Top