ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം; തീരദേശമേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദനത്തിന് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.തീരദേശമേഖലകളില്‍ നല്ല മഴയ്ക്കു സാധ്യതയുണ്ട്.എന്നാല്‍ അതിതീവ്രമഴ ഉണ്ടായേക്കില്ല എന്നാണ് കാലാവസ്ഥാകേന്ദ്രം പറയുന്നത്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്‍റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്‍റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഇതേസമയം കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.

അതേസമയം മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്.

Top