കോവിഡ് വാക്സിൻ മോഷണത്തിന് സാധ്യത, കരുതലോടെ ദക്ഷിണാഫ്രിക്ക

ജൊഹാനാസ്ബർഗ് : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് വാങ്ങുന്ന 15 ലക്ഷം ഡോസ് കോവിഡ് വാക്സീൻ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിക്കുമെന്ന് ദക്ഷിണാഫ്രിക്ക. വ്യാപകമായി വാക്സീൻ കൊള്ളയടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾക്ക് ദക്ഷിണാഫ്രിക്കയിൽ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽ‍ഡ് വാക്സീനുകൾ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഏറ്റവും മൂല്യമുള്ള വസ്തു കോവിഡ് വാക്സീനാണ്. മോഷ്ടിക്കപ്പെട്ടാൽ കരിഞ്ചന്തയിൽ കൊള്ളവിലയ്ക്ക് വിൽക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് വാക്സീൻ വിതരണത്തിനു പൊതുസംവിധാനം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top