സ്വപ്നയെ പാര്‍പ്പിച്ച എല്ലാ ജയിലുകളിലും പരിശോധന നടത്തുമെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഭീഷണി നേരിട്ടു എന്ന ആരോപണത്തില്‍ അന്വേഷണം തുടരുകയാണെന്ന് ജയില്‍ ഡിഐജി ഋഷിരാജ് സിംഗ്. അട്ടക്കുളങ്ങര ജയിലില്‍ എത്തും മുന്‍പ് മറ്റു ജയിലുകളിലും സ്വപ്ന സുരേഷ് കഴിഞ്ഞിരുന്നു. എറണാകുളത്തേയും തൃശ്ശൂരിലേയും ജയിലുകളില്‍ സ്വപ്നയെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവിടെയൊക്കെ വിശദമായ അന്വേഷണം ആവശ്യമാണ്. സ്വപ്ന മൂന്നോ നാലോ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട് ഇവിടെയൊക്കെ പരിശോധന നടത്തിയ ശേഷം വിവരം അറിയിക്കാമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് വധഭീഷണി നേരിടുന്നുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി ഡിഐജിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. സ്വപ്നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിംഗ് ആണ് ഡിഐജി അജയകുമാറിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. സ്വപ്നയെ ജയിലില്‍ പോയി കണ്ടും സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചും അജയകുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ജയിലില്‍ വച്ച് ആരും സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.

Top