സമ്പൂര്‍ണ മദ്യ നിരോധനം എന്നത് പറയാന്‍ മാത്രം കഴിയുന്ന ഒന്നാണെന്ന് ഋഷിരാജ് സിംഗ്‌

rishiraj singh

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനം എന്നത് പറയാന്‍ മാത്രം കഴിയുന്ന ഒന്നാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മദ്യ നിരോധനം നടപ്പിലാക്കിയ മറ്റ് സംസ്ഥാനത്തെ അവസ്ഥ. ബീഹാറിലടക്കം മദ്യ നിരോധനം എന്നത് പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ മദ്യം നല്‍കുന്നത് നിര്‍ത്തിയതോടെ വ്യാജ മദ്യം വില്‍ക്കുന്നവരുടെ കുത്തക തന്നെ അവിടങ്ങളില്‍ വളര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യത്തിനെതിരെ സമരം നടത്തുന്നവരെയെല്ലാം കല്ലുവാതുക്കല്‍ പോലുള്ള മറ്റൊരു മദ്യ ദുരന്തം കൂടെ സംസ്ഥാനത്ത് ഉണ്ടാകുന്നത് വരയെ കാണുകയുള്ളൂ. സര്‍ക്കാര്‍ മദ്യ ശാലകളിലൂടെ മദ്യ വില്‍പ്പന നടത്തുന്ന നമ്മുടെ മദ്യ നയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും അഭിന്ദനം ഏറ്റ് വാങ്ങിയ കാര്യമാണ്.

മദ്യത്തിന് നിയന്ത്രണം കൊണ്ട് വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വലിയ തോതില്‍ വര്‍ധിച്ച് വന്നിട്ടുണ്ട്. 2014 ല്‍ ഇത് സംബന്ധിച്ച് 980 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017 ആയപ്പേഴേക്കും അത് 4000 കവിഞ്ഞു. ഓണ്‍ലൈനില്‍ കൂടി അടക്കം ലഹരി വസ്തുക്കള്‍ എത്തിച്ച് ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

സ്റ്റാര്‍ ഹോട്ടലുകളില്‍ മധുരക്കള്ള് വില്‍പ്പന നടത്തുന്നത് ചര്‍ച്ചയില്‍ വര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍ എക്‌സൈസ് വകുപ്പിന് അതില്‍ പ്രശ്‌നമൊന്നുമില്ല. നല്ല മദ്യം ലഭ്യമാക്കിയാല്‍ അത് ദുരന്തങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രധാന പങ്ക് വഹിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എക്‌സൈസ് വകുപ്പിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Top