വാറ്റുപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; നടപടിയുമായി എക്‌സൈസ് വകുപ്പ്

rishiraj singh

തിരുവനന്തപുരം : വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും ഓണ്‍ലൈന്‍ വഴി വില്‍പന ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരങ്ങള്‍ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണര്‍ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകള്‍ തന്നെ നീക്കി.

സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. പക്ഷെ നിയമരമായി ഇത്തരം പരസ്യങ്ങളെ നിരോധിക്കാനാവില്ലെന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. മുന്‍നിര വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്

Top