rishiraj Singh-drugs usage in kerala

കോഴിക്കോട് : ലഹരി മൂലം നശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുന്ന സമയം വിദൂരമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. രാജ്യത്ത് അമൃത്‌സര്‍ കഴിഞ്ഞാല്‍ ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണെന്നത് ഞെട്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കൂടരഞ്ഞിയില്‍ ദിശ 2017 എന്ന പേരില്‍ നടന്ന ലഹരി മുക്ത പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മേഘാലയ, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് കേരളത്തിന്റെയും പോക്ക്. സംസ്ഥാനത്തെ ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് മനസിലാകും.

12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള എഴുപത് ശതമാനം പേരും ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ലഹരി കുടുതല്‍ കേരളത്തിലെത്തുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിചാരിച്ചാല്‍ ഒരു പരിധി വരെ ഇത് തടയാനാവും.

താന്‍ ചാര്‍ജെടുത്ത ശേഷം ഇരുപത്തി അയ്യായിരം കേസുകളില്‍ നിന്നായി ഇരുപത്തി ആറായിരം പേര്‍ ജയിലിലായി. ഒരു ലക്ഷം ടണ്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 2500 കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കുകയും 3000 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കുകയും ചെയ്തതായും ഋഷിരാജ് സിംഗ് പറഞ്ഞു.

ലോകത്ത് ആത്മഹത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണന്നും ഇതിന്റെ ഒരു പ്രധാന കാരണം ലഹരിയാണന്നും ഇതിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top