Rishiraj singh appointed prison of chief;Polititions are in fear

തിരുവനന്തപുരം: അഴിമതിയുടെ ‘കേന്ദ്രമായി’ അറിയപ്പെടുന്ന സംസ്ഥാനത്തെ ജയിലുകളെ ശുദ്ധീകരിക്കാന്‍ ഋഷിരാജ് സിങ്ങ് ഇനി രംഗത്തിറങ്ങും.

വിന്‍സന്‍ എം പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോടെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ഋഷിരാജ് സിങ്ങിനെ ജയില്‍ മേധാവിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഉദ്യോഗക്കയറ്റം നല്‍കി ബറ്റാലിയനില്‍ തന്നെ നിയമിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ കേന്ദ്ര നടപടി ഭയന്ന് തള്ളിയാണ് പുതിയ നിയമനം.

ഋഷിരാജ് സിങ്ങിനെ ഫയര്‍ഫോഴ്‌സ് മേധാവി,വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ മൂന്ന് തസ്തികകളില്‍ ഒന്നില്‍ എന്തായാലും നിയമനം നല്‍കേണ്ടി വരുമെന്നതിനാലാണ് ജയില്‍ വകുപ്പ് തിരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഡിജിപി തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സംസ്ഥാന പോലീസിലെ രണ്ടാമനായ ജേക്കബ് തോമസിനെയും ലോക്‌നാഥ് ബഹ്‌റയെയും നിയമിക്കാതെ എഡിജിപി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് വിവാദമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനങ്ങളില്‍ ഉടക്കാനുള്ള സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ‘തിരുത്തല്‍’ നിയമനം.

നാല് ഡിജിപി തസ്തിക മാത്രമാണ് സംസ്ഥാനത്ത് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള ടി പി സെന്‍കുമാറിന് പുറമേ ജേക്കബ് തോമസും, ലോക്‌നാഥ് ബഹ്‌റയും, ഋഷിരാജ് സിങ്ങുമാണ് ഇപ്പോള്‍ ഡിജിപി പദവിയിലുള്ളത്.

ഇതില്‍ ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി നിയമിച്ചിട്ടുണ്ട്.

ജയില്‍ കേന്ദ്രീകരിച്ച് വലിയ അഴിമതിയും ഇടപെടലുകളും നടക്കുന്നുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കശക്കാരനായ ഋഷിരാജ് സിങ്ങ് എത്തുന്നത് തടവുകാരുടെ മാത്രമല്ല ജയില്‍ ഉദ്യോഗസ്ഥരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.

രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരോളിന്റെ കാര്യത്തിലും ഏതൊക്കെ സെല്ലുകളില്‍ അത്തരം ആളുകളെ പാര്‍പ്പിക്കണമെന്ന കാര്യത്തിലുമെല്ലാം ജയില്‍ മേധാവിയുടെ നിലപാട് നിര്‍ണ്ണായകമായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഋഷിരാജ് സിങ്ങിന്റെ നിയമനം വെല്ലുവിളിയാകും.

Top