Rishiraj singh and loknath behra

തിരുവനന്തപുരം: അവധി അപേക്ഷ നല്‍കിയ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ്ങും സര്‍ക്കാര്‍ നിയമിച്ച തസ്തികകളില്‍ ചുമതലയേറ്റു. ഋഷിരാജ് സിംങ്ങ് ജയില്‍ മേധാവിയായും ലോക്‌നാഥ് ബെഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായുമാണ് ചുമതലയേറ്റത്.

ഡിജിപി തസ്തികയുമായി ബന്ധപ്പെട്ട ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ചാര്‍ജെടുത്തത്.

ഈ മാസം ഒന്നിനാണ് ഋഷിരാജ് സിംങ്ങിനെ ജയില്‍ മേധാവിയായും ലോക്‌നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ നിയമിച്ച തസ്തികകളില്‍ അതൃപ്തരായി ഋഷിരാജ് സിംങ്ങ് 18 ദിവസത്തേയും ബെഹ്‌റ 5 ദിവസത്തേയും അവധിയ്ക്ക് ചീഫ്‌സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

ഉടന്‍ ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഇരുവര്‍ക്കും അന്ത്യശാസനം നല്‍കിയിരുന്നു.

വകുപ്പുകളില്‍ ചുമതലയേറ്റെങ്കിലും ഇനി ഇവരുടെ സമീപനം എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. അതേസമയം ജയില്‍ വകുപ്പിലും ഫയര്‍ഫോഴ്‌സിലും വഴിവിട്ട ശുപാര്‍ശയുമായി സര്‍ക്കാര്‍ വന്നാല്‍ ‘വിവരമറിയുമെന്നാണ്’ ഋഷിരാജ് സിംങ്ങും ബെഹ്‌റയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഫലത്തില്‍ സര്‍ക്കാരിനൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലേക്ക് ഈ രണ്ട് വകുപ്പുകളും മാറാനാണ്‌ സാധ്യത.

Top