അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാന്‍ പോലീസ് സംഘത്തിനൊപ്പമിറങ്ങി ഋഷി സുനക്

 

ലണ്ടന്‍: അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാനായി പോലീസ് സംഘത്തിനൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഇംഗ്ലണ്ടിന്റെ പല ഭാഗത്തായി നടത്തിയ റെയ്ഡുകളില്‍, അനുമതിയില്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്ന 105 പേരെ പിടികൂടി. 20 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്നും ഇവരില്‍ 40 പേരെ ഉടന്‍ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മറ്റുള്ളവരെ കുടിയേറ്റക്കാര്‍ക്കുള്ള പ്രത്യേക ജാമ്യവ്യവസ്ഥകള്‍ പ്രകാരം വിട്ടയച്ചു. ഇവരില്‍ പലരും ഉടന്‍ രാജ്യം വിടുമെന്നാണ് സൂചന. വ്യാഴാഴ്ച നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. വടക്കന്‍ ലണ്ടനിലെ ബ്രെന്റ് മേഖലയില്‍ നടന്ന ഒരു റെയ്ഡില്‍ സുനക്കും പങ്കെടുത്തു. ബുള്ളറ്റ്പ്രൂവ് ജാക്കറ്റ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന സുനക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള സുനക്, അനധികൃത താമസക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് അധികാരത്തിലെത്തിയത്.

Top