ബിബിസി ഡോക്യുമെന്ററി തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൽഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡോക്യുമെന്ററിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ‘ഇന്ത്യ, ദി മോദി ക്വസ്റ്റിൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബിൽ നിന്ന് നീക്കി.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും പറയുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇത് തൽപ്പരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിനിടെ ബ്രിട്ടീഷ് പാർലമെന്റിലും ബിബിസി ഡോക്യുമെന്ററി ചർച്ചയായപ്പോഴാണ് നരേന്ദ്രമോദിയെ പിന്തുണച്ച് ഋഷി സുനക് രംഗത്തുവന്നത്.

ഡോക്യുമെന്ററിയെ കുറിച്ചും നരേന്ദ്രമോദിയെ കുറിച്ചും പാക് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാൻ ഹുസൈൻ പാർലമെന്റിൽ ഉന്നയിക്കുകയായിരുന്നു. ഡോക്യുമെന്ററിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇമ്രാൻ ഹുസൈന് ഋഷി സുനക് മറുപടി നൽകിയത്.

‘ഗുജറാത്ത് കലാപത്തെ കുറിച്ച് യുകെ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിനിതുവരെയും മാറ്റം വന്നിട്ടില്ല. ഒരുകാര്യം സുനിശ്ചിതമാണ്. ഹിംസപ്രവൃത്തിയോട് ഒരിക്കലും നാം സഹിഷ്ണുത പുലർത്തില്ല. പക്ഷെ, ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല’ – ഋഷി സുനകിന്റെ വാക്കുകൾ.

Top