യുകെയില്‍ വീസാ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ഋഷി സുനക്

ലണ്ടന്‍ : യുകെയില്‍ വീസാ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വീസാ അപേക്ഷകര്‍ക്കു കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. പൊതുമേഖലയിലെ ശമ്പള വര്‍ധന നടപ്പാക്കാനാണു പുതിയ നീക്കമെന്നും ഋഷി സുനക് പറഞ്ഞു. അധ്യാപകര്‍, പൊലീസ്, ജൂനിയര്‍ ഡോക്ടര്‍മാര്‍, മറ്റു പൊതുമേഖല ജീവനക്കാര്‍ എന്നിവരുടെ ശമ്പളം വര്‍വധിപ്പിക്കണമെന്ന ശിപാര്‍ശ അംഗീകരിക്കാന്‍ കടുത്ത സമ്മര്‍ദമാണ് പ്രധാനമന്ത്രിക്കു മേലുള്ളത്.

നികുതി വര്‍ധിപ്പിക്കാനോ കൂടുതല്‍ കടമെടുക്കാനോ തയാറല്ലെന്ന് ഋഷി സുനക് വ്യക്തമാക്കി. അതു നാണ്യപ്പെരുപ്പത്തിന് ഇടയാക്കും. അപ്പോള്‍ പണം മറ്റെവിടെ നിന്നെങ്കിലും സമാഹരിക്കണം. ആ സാഹചര്യത്തില്‍ രാജ്യത്തേക്ക് എത്താനായി വീസയ്ക്ക് അപേക്ഷിക്കുന്ന കുടിയേറ്റകാര്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും. അതിനു പുറമേ എന്‍എച്ച്എസ് സേവനത്തിനായി നല്‍കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഋഷി സുനക് പറഞ്ഞു.

ശമ്പളവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. 35 ശതമാനം ശമ്പളവര്‍ധനവാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Top