അക്ഷര്‍ഥാം ക്ഷേത്രത്തിലെത്തി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും

ദില്ലി: ജി20 ഉച്ചകോടിയില്‍ നിന്ന് ഇടവേളയെടുത്ത് ക്ഷേത്ര സന്ദര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. ജി20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്. ഋഷി സുനക് അക്ഷര്‍ധാം ക്ഷേത്രത്തില്‍ എത്തുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് സ്ഥലത്തൊരുക്കിയത്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്ന് ഋഷി സുനക് നേരത്തെ പറഞ്ഞിരുന്നു.

ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അങ്ങനെയാണ് താന്‍ വളര്‍ന്നതെന്നും ഋഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുമ്പ് ഇന്ത്യയിലെത്തിയിരുന്നപ്പോള്‍ സ്ഥിരമായി പോകാറുള്ള ദില്ലിയിലെ ഏറെ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിലും ഭാര്യ അക്ഷതക്കൊപ്പം പോകാന്‍ ആലോചനയുണ്ടെന്നും ഋഷി സുനക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ജി20 ഉച്ചകോടി വലിയ വിജയമാക്കുന്നതിന് എല്ലാവിധ പിന്തുണയും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരയധികം ആദരവുണ്ടെന്നുമാണ് നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഋഷി സുനക് അഭിപ്രായപ്പെട്ടത്.

Top