ശുക്ലയെ സിബിഐ മേധാവി ആക്കിയതില്‍ വിയോജിപ്പ്; ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ മേധാവിയായി നിയമിച്ചതിന് പിന്നാലെ നിയമനത്തില്‍ വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്. പ്രധാനമന്ത്രിക്കു ഖര്‍ഗെ വിയോജനക്കുറിപ്പ് നല്‍കി.

ഋഷികുമാര്‍ ശുക്ലയ്ക്ക് പകരം ജാവീദ് അഹമ്മദിനു നിയമനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മല്ലികാര്‍ജുന്‍ ഖര്‍ഗെ സിബിഐ മേധാവിയെ തിരഞ്ഞെടുത്ത സമിതിയില്‍ അംഗമായിരുന്നു എന്നാല്‍ അദ്ദേഹത്തിന്റെ വിയോജിപ്പ് മറികടന്ന് ശുക്ലയെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

രണ്ട് വര്‍ഷത്തേക്കായിരിക്കും ശുക്ലയുടെ നിയമനം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ യോഗം ചേര്‍ന്നിട്ടും സിബിഐ മേധാവിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എം. നാഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയോഗിച്ച നടപടി കൂടുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെയാണ് സിബിഐ മേധാവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടര വരെ സിബിഐ മേധാവിയെ തീരുമാനിക്കുന്നതിനുള്ള യോഗം നടന്നിട്ടും തീരുമാനമാകാതെ പിരിയുകയായിരുന്നു.

സിബിഐയുടെ പ്രവര്‍ത്തനം താല്‍ക്കാലിക ഡയറക്ടറുടെ ചുമതലയില്‍ തുടരുന്നതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. പദവി വളരെ പ്രധാനമാണെന്നും ദീര്‍ഘകാലത്തേക്ക് ഇടക്കാല ഡയറക്ടറെ നിലനിര്‍ത്തുന്നതു നന്നല്ലെന്നുമാണു കോടതി നിരീക്ഷിച്ചത്.

1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. 30 പേരുടെ പട്ടികയില്‍നിന്നാണ് ശുക്ലയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്.നിലവില്‍ മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ശുക്ല.

Top