സെല്‍ഫി ചോദിച്ചു; ദേഷ്യപ്പെട്ട അച്ഛനില്‍ നിന്നും ആരാധികയെ രക്ഷപ്പെടുത്തി രണ്‍ബിര്‍

rishi_ranbeer

സെല്‍ഫി ചോദിച്ച ആരാധികയോട് ദേഷ്യപ്പെട്ട് റിഷി കപ്പൂര്‍. എന്നാല്‍ തക്കസമയത്ത് രണ്‍ബീര്‍ ഇടപ്പെട്ട് റിഷിയുടെ ദേഷ്യത്തില്‍ നിന്ന് ആരാധികയെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ കപൂര്‍ കുടുംബം ബാന്ദ്രയിലെ റസ്റ്റോറന്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. റിഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, നീതു, സഹോദരി റിദ്ദിമ, അനന്തരവള്‍ സമാറ എന്നിവരാണ് മുബൈയിലെ റസ്റ്റോറന്റില്‍ എത്തിയത്. കപൂര്‍ കുടുംബത്തെ കാണാനായി ആരാധകര്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.

കപൂര്‍ കുടുംബത്തെ കണ്ട ആവേശത്തില്‍ ഒരു ആരാധിക സെല്‍ഫിയെടുക്കാനായി അടുത്തെത്തി. രണ്‍ബീറും നീതുവും ഉളള ഒരു ഫോട്ടോ ആരാധികയ്ക്ക് പകര്‍ത്തി. പക്ഷേ റിഷി കപൂറിന്റെ ഫോട്ടോ പകര്‍ത്താനായില്ല. തുടര്‍ന്ന് റിഷി കപൂറിനോട് ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ആരാധിക ചോദിച്ചു.

എന്നാല്‍ അത് ഇഷ്ടപ്പെടാതിരുന്ന റിഷി കപൂര്‍ ‘പറ്റില്ല എന്ന് പരുക്കന്‍ സ്വരത്തില്‍ തന്നെ മറുപടി പറഞ്ഞു. താങ്കള്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് ആരാധിക തിരിച്ച് നടനോട് പറഞ്ഞു. ഇതു കേട്ടതോടെ റിഷി കപൂറിന് നിയന്ത്രണം വിട്ടു.

റിഷി കപൂര്‍ വീണ്ടും ആരാധികയോട് കയര്‍ത്തു സംസാരിക്കുന്നതിനിടെ രണ്‍ബീര്‍ അടുത്തെത്തുകയും അച്ഛനോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. അച്ഛനില്‍നിന്നും ആരാധികയെ രക്ഷിക്കുന്നതുപോലെയായിരുന്നു രണ്‍ബീറിന്റെ ഈ പ്രവൃത്തി.

Top