പന്തില്‍ പ്രതീക്ഷ മങ്ങുന്നു; സഞ്ജുവും കിഷനും സാധ്യതാ പട്ടികയില്‍

മൊഹാലി: ട്വന്റി- 20 ലോകകപ്പ് ലക്ഷ്യമിട്ട് മുന്നേറുമ്പോള്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഋഷഭ് പന്തിന്റെ മോശം പ്രകടനമാണ്. ടീമും സെലക്ടര്‍മാരും പ്രതീക്ഷിക്കുന്ന പ്രകടനം നടത്താന്‍ പന്തിന് കഴിയുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്തം മറക്കരുതെന്ന ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തറിന്റെ വാക്കുകളുടെ ചൂടാറുംമുന്‍പ് ക്രീസിലെത്തിയിട്ടും റിഷഭ് പന്തിന് മാറ്റമൊന്നും ഉണ്ടായില്ല.

ധോണിയുടെ പിന്‍ഗാമിയായി ടീമും സെലക്റ്റര്‍മാരും കരുതുന്ന പന്തിന് അവസാന ഒന്‍പത് ഇന്നിങ്‌സില്‍ നേടാനായത് ഒറ്റ അര്‍ധസെഞ്ചുറി മാത്രമാണ്. കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും പന്തിന്റെ പ്രകടനത്തില്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

പന്ത് പ്രതീക്ഷിച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തുമ്പോള്‍ മലയാളിതാരം സഞ്ജു സാംസന്റെയും ഇഷാന്‍ കിഷന്റെയും സാധ്യതകളാണ് കൂടുന്നത്. ലോകകപ്പിന് മുന്‍പ് ടീമില്‍ യുവതാരങ്ങളുടെ പരീക്ഷണം തുടരുമെന്ന് കൊഹ്ലിയും സെലക്റ്റര്‍മാരും ആവര്‍ത്തിക്കുന്നുണ്ട്.

Top